ഇടുക്കി എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകർക്ക് ക്വർട്ടേഴ്‌സ് സൗകര്യം


കേരളത്തെ നവവൈജ്ഞാനികസമൂഹമാക്കി മാറ്റുന്നതിൽ സാങ്കേതിക വിദ്യാലയങ്ങൾക്ക് വലിയപങ്കുണ്ടെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. ഇത്തരം വിദ്യഭ്യാസസ്ഥാപനങ്ങളാണ് വൈജ്ഞാനികസമൂഹസൃഷ്ടിക്ക് വഴിയൊരുക്കുന്നത്. ഇടുക്കി സർക്കാർ എൻജിനീയറിങ് കോളേജിലെ സ്റ്റാഫ്‌ ക്വർട്ടേഴ്‌സുകളുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

എല്ലാ മേഖലകളിലും ജനോപകാരപ്രദമായ സാങ്കേതിക വൈജ്ഞാനിക പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നതിന് സന്നദ്ധരരായിരിക്കണമെന്ന് മന്ത്രി വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടു. പുതിയ കാലഘട്ടത്തിൽ സാങ്കേതിക വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികളെ വളരെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കുന്നത്. അതുകൊണ്ടുതന്നെ അവർക്കായി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളത്.

5 മുതൽ 25 ലക്ഷം രൂപ വരെ സർക്കാർ ധനസഹായം നൽകുന്ന യുവ ഇന്നവേറ്റീവ് പ്രോഗ്രാം എല്ലാ സാങ്കേതിക വിദ്യാലയങ്ങളും നടപ്പിലാക്കണം. ഇടുക്കി സർക്കാർ എഞ്ചിനീയനിംഗ് കോളേജിനെ സമ്പൂർണ റെസിഡൻഷ്യൽ കോളേജാക്കി മറ്റുമെന്നും മന്ത്രി അറിയിച്ചു.

കോളേജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ജില്ലയുടെ അഭിമാനങ്ങളിൽ ഒന്നാണ് സർക്കാർ എഞ്ചിനീയറിംഗ് കോളേജ് എന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിക്കാർക്ക് മികവുറ്റ വിദ്യാഭ്യാസ സൗകര്യങ്ങൾ ഒരുക്കുക സർക്കാർ ലക്ഷ്യമാണ്. ഇതിനായുള്ള ശ്രമങ്ങൾ ഇനിയും തുടരും . കോളേജിലെ പെണ്കുട്ടികൾക്കായുള്ള ഹോസ്റ്റൽ നിർമ്മാണം പൂർത്തീകരിച്ചു കഴിഞ്ഞുവെന്നും ആൺകുട്ടികൾക്കുള്ള ഹോസ്റ്റൽ നിർമ്മാണ നടപടികൾ എത്രയും വേഗം പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഭാഗമായിട്ടാണ് സർക്കാർ എൻജിനിയറിങ് കോളേജിലെ പ്രൊഫസർമാർക്കും അസോസിയേറ്റ് പ്രൊഫസർമാർക്കും വേണ്ടി 11.74 കോടി രൂപ മുതൽമുടക്കി കോളേജ് പരിസരത്ത് 3 നിലകളിലായി 12 അപ്പാർട്ട്മെന്റുകൾ ഉൾപ്പെടുന്ന 2 കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത്. പരിപാടിയിൽ 2022-23 വർഷം സർവകലാശാല റാങ്കുകൾ ഉൾപ്പെടെ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മന്ത്രി അനുമോദിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് പോൾ, ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം കെ ജി സത്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹിറ്റാച്ച് ജോസഫ്, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് അംഗം രാജു ജോസഫ് കല്ലറക്കൽ, പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ സിസിലി ജോസഫ്, ടെക്നിക്കൽ എജ്യുക്കേഷൻ ഡയറക്ടർ രാജശ്രീ എം എസ്, എൻജിനീയർ കോളേജ് പ്രിൻസിപ്പാൾ ഡോ.സുരേഷ് കെ, കോളേജ് പിടിഎ വൈസ് പ്രസിഡന്റ് ജോ ജോർജ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.