മണലൂര്‍ മണ്ഡലം തല നവകേരള സദസ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു. എല്ലാവരുടെയും പ്രശ്‌നങ്ങള്‍ക്ക് കൃത്യമായി പരിഹാരം കാണാനുള്ള മാതൃക പ്രവര്‍ത്തനങ്ങള്‍ക്കാണ് നവകേരസദസ്സ് വേദിയാവുകയെന്ന് മന്ത്രി നവകേരള സദസ്സ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിക്കൊണ്ട് പറഞ്ഞു.

നവംബര്‍ 17 നകം സബ് കമ്മിറ്റി യോഗങ്ങള്‍ ചേര്‍ന്ന് വിപുലമായ പരിപാടികള്‍ക്ക് വേണ്ട കൃത്യമായ ചുമതലകള്‍ ഓരോ കമ്മിറ്റിക്കും നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു. അന്നേ ദിവസം പാവറട്ടി പഞ്ചായത്തില്‍ ഏകോപന സമിതി ചേരാനും യോഗത്തില്‍ തീരുമാനമായി. അതോടൊപ്പം കമ്മിറ്റി പ്രവര്‍ത്തങ്ങള്‍ സംബന്ധിച്ച് ബഡ്ജറ്റ് തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മണലൂരിലെ വികസിത പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുന്നതിനും കൂടി നവകേരള സദസ്സ് വേദിയാകണം. ഡിസംബര്‍ 5 ന് മണലൂരില്‍ നടക്കുന്ന സദസ്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി പരമാവധി മണ്ഡലം തല പ്രചരണം ഉറപ്പ് വരുത്തുന്നതിനും മന്ത്രി നിര്‍ദ്ദേശിച്ചു.

പാവറട്ടി സെന്റ് ജോസഫ് സ്‌കൂളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ മുരളി പെരുനെല്ലി എംഎല്‍എ അധ്യക്ഷത വഹിച്ചു. മണ്ഡലം തല കോര്‍ഡിനേറ്റര്‍ തദ്ദേശ സ്വയംഭരണം ജോയിന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ലതി വേണുഗോപാല്‍, കെ.കെ. ശശിധരന്‍, കെ.സി. പ്രസാദ്, മണ്ഡലത്തിലെ പഞ്ചായത്തുകളിലെ പ്രസിഡന്റുമാര്‍, സബ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു