ശബരിമല മണ്ഡല മകരവിളക്ക് മഹോൽസവത്തോടനുബന്ധിച്ച് ബസുകളുടെ സർവീസ്, ടിക്കറ്റ് സംവിധാനം എന്നിവ സംബന്ധിച്ച വിവരങ്ങൾ തീർത്ഥാടകർക്കായി കെ എസ് ആർ ടി സി പ്രസിദ്ധപ്പെടുത്തി. പമ്പയിൽ നിന്നും നിലയ്ക്കലിലേക്ക് ചെയിൻ സർവീസുകൾ ലഭ്യമായിരിക്കും . ഇവ ത്രിവേണി ജംക്ഷനിൽ നിന്നും മാത്രമാണ് സർവീസ് നടത്തുക .

പമ്പ ബസ്സ് സ്റ്റേഷനിൽ നിന്നും ചെങ്ങന്നൂർ,തിരുവനന്തപുരം, എറണാകുളം,കുമിളി, കോട്ടയം,കമ്പം,തേനി,പഴനി,തെങ്കാശി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ദീർഘദൂര സർവീസുകൾ മാത്രമായിരിക്കും ഉണ്ടായിരിക്കുക. കൂടാതെ ഭക്തരുടെ ആവിശ്യപ്രകാരം വിവിധ സ്ഥലങ്ങളിലേക്ക് പ്രത്യേക ചാർട്ടേഡ് ബസ് സർവീസുകളും ഉണ്ടായിരിക്കും. ഗ്രൂപ്പ് ടിക്കറ്റ് സംവിധാനവും, ഓൺ ലൈൻ ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പമ്പ ത്രിവേണി,യു ടേൺ എന്നിവിടങ്ങളിൽ നിന്നും, പമ്പ ബസ്സ് സ്റ്റേഷനിലേക്ക് സൗജന്യ ബസ് സർവീസ് ആണ് ഭക്തർക്ക് ലഭിക്കുക.

നിലയ്ക്കൽ

നിലയ്ക്കൽ പാർക്കിങ്ങ് ഗ്രൗണ്ടുകൾ കേന്ദ്രീകരിച്ച്, നിലയ്ക്കൽ ബസ്സ് സ്റ്റേഷനിലേക്ക് 10 രൂപാ നിരക്കിൽ ബസ്സ് സർവീസ് ഉണ്ടായിരിക്കുന്നതാണ്. നിലയ്ക്കൽ നിന്നും പമ്പയിലേക്ക് ചെയിൻ സർവീസുകൾ സജ്ജീകരിക്കും . ഗതാഗതകുരുക്ക് ഒഴിവാക്കുന്നതിനായി നിലയ്ക്കലിലെ ത്രിവേണി ജംക്ഷനിൽ നിന്നും നിലയ്ക്കൽ ബസ്സ് സ്റ്റേഷനിലേക്കുള്ള റോഡ് കെ എസ് ആർ ടി സി വാഹനങ്ങൾക്കായി മാത്രമായി പരിമിതപ്പെടുത്തും.