തീരപ്രദേശത്തെ ലഹരി ഉപയോഗം ഗാർഹിക അതിക്രമങ്ങൾക്ക് കാരണമാകുന്നുവെന്നത് ഗൗരവതരമാണെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. സംസ്ഥാന വനിത കമ്മീഷനും വടകര ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി മടപ്പള്ളി ജിവിഎച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ ഹാളിൽ സംഘടിപ്പിച്ച ഏകോപന സദസും തീരദേശ ശിൽപശാലയും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. മുൻപ് മദ്യപാനം മാത്രമായിരുന്നു പ്രശ്നമെങ്കിൽ ഇന്ന് മറ്റു ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപകമാണ്. തീരദേശത്ത് ചില സ്ഥലങ്ങളിൽ ഒത്തുകൂടി ലഹരി വസ്തുക്കൾ വിതരണം ചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇതിനെതിരേ എക്സൈസ്, പോലീസ് വകുപ്പുകൾ അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

എല്ലാ തലങ്ങളിലും സ്ത്രീകളുടെ അന്തസും അഭിമാനവും സംരക്ഷിക്കപ്പെടണമെന്നതാണ് വനിത കമ്മീഷന്റെ നിലപാട്. ഇതിന് സമൂഹത്തിന്റെ പൊതുബോധനിർമിതിയിൽ മാറ്റങ്ങൾ ഉണ്ടാകേണ്ടതുണ്ട്. വിവിധ നിയമങ്ങളുടെ സംരക്ഷണം വനിതകൾക്ക് ഉണ്ടെങ്കിലും വനിത കമ്മീഷനിൽ എത്തുന്ന പരാതികൾക്ക് കുറവില്ല. ഭരണഘടന ഉറപ്പു നൽകുന്ന തുല്യത സ്ത്രീകൾക്ക് ലഭ്യമാകണം. രാജ്യത്തെ ജനസംഖ്യയുടെ പകുതിയിലേറെ വരുന്ന സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും വനിത കമ്മീഷൻ അധ്യക്ഷ പറഞ്ഞു.

ഗാർഹികാതിക്രമവും മദ്യാസക്തിയും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ശിൽപ്പശാലയിൽ വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഗിരിജ അധ്യക്ഷത വഹിച്ചു. വനിത കമ്മിഷൻ അംഗം അഡ്വ. പി. കുഞ്ഞായിഷ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ കെ.എം. സത്യൻ മാസ്റ്റർ, പ്രോജക്ട് ഓഫീസർ എൻ. ദിവ്യ, റിസർച്ച് ഓഫീസർ എ.ആർ. അർച്ചന, ചോമ്പാല എസ് ഐ അനിൽ കുമാർ, എക്‌സൈസ് സിവിൽ ഓഫീസർ സോമസുന്ദരം, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദീപ് രാജ്, മടപ്പള്ളി ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൽ പി.പി. സുധീഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സംസാരിച്ചു.