*മുഖ്യമന്ത്രിയുടെ പ്രതിവാര ചര്‍ച്ചാ പരിപാടി നാം മുന്നോട്ട് ഒക്‌ടോബർ 14 വൈകിട്ട് 7.30ന് വിവിധ ചാനലുകളില്‍ 
സംസ്ഥാനത്ത് പ്രളയത്തെത്തുടര്‍ന്നുണ്ടായ നഷ്ടം ലോകബാങ്കും വിവിധ ഏജന്‍സികളും കണക്കാക്കിയിട്ടുള്ള 25,050 കോടി രൂപയേക്കാള്‍ വളരെ കൂടുതലാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വീടുകള്‍ക്കു സംഭവിച്ച നഷ്ടം തന്നെ 2,534 കോടി രൂപ വരും. വീടുകളുടെ പുനര്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി വലിയൊരു തുക ആവശ്യമായിവരും. കുടുംബങ്ങളുടെ ഉപജീവനമാര്‍ഗങ്ങളായിരുന്ന ആട്, പശു, കോഴി തുടങ്ങിയ വളര്‍ത്തുജീവികളുടെ നഷ്ടവും വലിയൊരു തുകയുടേതാണ്. വിശദമായ റിപ്പോര്‍ട്ടുകള്‍ വരാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രതിവാര സംവാദ പരിപാടിയായ നാം മുന്നോട്ടിന്റെ നാല്‍പതാം എപ്പിസോഡില്‍ ധനസമാഹരണത്തെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച തുക നഷ്ടത്തിന് സമമായ തുകയല്ല. അതുകൊണ്ടാണ് 500 കോടി രൂപയുടെ സ്പെഷ്യല്‍ പാക്കേജ് ആവശ്യപ്പെട്ടത്. വായ്പയെടുത്താലും ആവശ്യത്തിനുള്ള തുക കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് പൊതു സംഭാവനകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദേശരാജ്യങ്ങളില്‍ നിന്ന് സംഭാവനകള്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാരിന്റേതു പഴയ നിലപാടുതന്നെയാണ്. എന്നാല്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള മലയാളികളില്‍ നിന്നു ധനസഹായം സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നറിയിച്ചിട്ടുണ്ട്. കേരളത്തെ സ്നേഹിക്കുന്ന എല്ലാ പ്രവാസികളില്‍നിന്നും കഴിയുന്നത്ര വിഭവസമാഹരണം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുന്‍ പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാനും  ക്യാബിനറ്റ് സെക്രട്ടറിയുമായ കെ.എം. ചന്ദ്രശേഖര്‍, മന്‍മോഹന്‍ സിംഗിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ടി.കെ.എ. നായര്‍, പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹരീഷ് വാസുദേവന്‍, കെപിഎംജി ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ഗവണ്‍മെന്റ് പ്രാക്ടീസസ് ഡയറക്ടര്‍ അരുണ്‍ പിള്ള, ഇന്‍സ്പിരേഷന്‍ ഡയറക്ടറും ആര്‍കിടെക്റ്റുമായ ലത രാമന്‍ ജയഗോപാല്‍, ഐക്യരാഷ്ട്ര സഭ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി, വിവിധ കോളേജുകളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പരിപാടി ഇന്ന് (ഞായറാഴ്ച) വൈകിട്ട് 7.30 ന് പത്തോളം ചാനലുകളില്‍ സംപ്രേഷണം ചെയ്യും.