സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തില്‍ വയനാട് ജില്ലയില്‍ സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ക്കും കായിക അധ്യാപകര്‍ക്കുമായി നടത്തുന്ന ഉള്‍ച്ചേരല്‍ കായിക ഉത്സവത്തിന്റെ ഭാഗമായുള്ള അധ്യാപക പരിശീലനം തുടങ്ങി. ജില്ലാതല പരിശീലനം സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.റഫീഖ് പനമരം ജി എച്ച് എസ് എസ് ഹാളില്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്റ്റ് കോര്‍ഡിനേറ്റര്‍ കെ.സുരേഷ് അധ്യക്ഷത വഹിച്ചു.

സ്‌പെഷ്യല്‍ ഒളിമ്പിക്‌സ്, പാരാലിമ്പിക്‌സ്, ഡെഫ് ലിമ്പിക്‌സ് , ഡ്വാര്‍ഫ് ഗെയിംസ് എന്നീ മത്സരങ്ങളുടെ മാതൃകയില്‍ പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി പഠിതാക്കാള്‍ക്കായി അത്ലറ്റിക്‌സ്, ഫുട്‌ബോള്‍, ക്രിക്കറ്റ്, ബാറ്റ്മിന്റണ്‍ ഹാന്റ്‌ബോള്‍, ഫണ്‍ ഗെയിംസ് മുതലായ ഇനങ്ങളില്‍ നിയമാവലികള്‍ പരിഷ്‌കരിച്ച് മാനുവല്‍ തയ്യാറാക്കി സംസ്ഥാനതലത്തില്‍ പരിശീലനം പൂര്‍ത്തീകരിക്കും. മാനന്തവാടി ബി.ആര്‍.സി പരിധിയിലെ മുഴുവന്‍ സ്‌പെഷ്യല്‍ എഡ്യൂക്കേറ്റേര്‍മാരും, എസ്.എസ്.കെ നിയമിച്ചിട്ടുള്ള കായിക അധ്യാപകരും, ബത്തേരി, വൈത്തിരി ബി.ആര്‍.സികളില്‍ നിന്ന് തിരഞ്ഞെടുത്ത അംഗങ്ങളും ചേര്‍ന്ന ടീമിന് 7 ആര്‍.പിമാര്‍ പരിശീനം നല്‍കും.

ശേഷിക്കുന്ന ആളുകള്‍ക്ക് ബത്തേരി ബി.ആര്‍.സി രണ്ടാംഘട്ട പരിശീലനം അടുത്ത ആഴ്ച സംഘടിപ്പിക്കും. തുടര്‍ന്ന് 21 വിഭാഗങ്ങളിലായിട്ടുള്ള ഭിന്നശേഷി കുട്ടികളെ , പൊതുവിദ്യാലയങ്ങളില്‍ നിന്ന് കണ്ടെത്തി അവര്‍ക്ക് അനുയോജ്യമായ കായികം ഇനം തിരിച്ചറിഞ്ഞ് അവയില്‍ പരിശീലനം കൊടുത്ത് പഞ്ചായത്ത്, ബി.ആര്‍.സി അടിസ്ഥാനത്തില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും.

ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനകം ജില്ലാ ഇന്‍ക്‌ളൂസിവ് കായികമേള സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്ന പരിശീലനത്തിന്റെ ആദ്യഘട്ടത്തില്‍ 60 പേര്‍ പരിശീലനം നേടുന്നുണ്ട്. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എന്‍.ജെ ജോണ്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ രമേഷ് കുമാര്‍, വൈസ് പ്രിന്‍സിപ്പല്‍ ഷീജ ജെയിംസ്, കായികാധ്യാപകന്‍ കെ നവാസ്, ബി.ആര്‍.സി ട്രെയ്‌നര്‍ മുജീബ് തുടങ്ങിയവര്‍ സംസാരിച്ചു.