മൃഗസംരക്ഷണ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുന്ന വെറ്ററനറി ഡോക്ടര്‍മാര്‍ക്ക് കേരള ഫീഡ്സിന്റെ ആഭിമുഖ്യത്തില്‍ ഗോമിത്ര പുരസ്‌കാരം നല്‍കുമെന്ന് മൃഗ സംരക്ഷണ – ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. വിവിധ മാനദണ്ഡങ്ങളുടെയും കര്‍ഷകര്‍ക്ക് ഗുണപ്രദമാകുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും അടിസ്ഥാനത്തിലാണ് പുരസ്‌ക്കാരം നല്‍കുക.

മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സയന്‍സ് കോണ്‍ഗ്രസ്സില്‍ വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസ്സുകള്‍ നയിക്കും. പുതിയ കാലഘട്ടത്തില്‍ വെറ്ററിനറി സയന്‍സിന്റെ അനന്തസാധ്യതകള്‍ എന്ന വിഷയത്തിലാണ് സയന്‍സ് കോണ്‍ഗ്രസ് നടക്കുന്നത്. സയന്‍സ് കോണ്‍ഗ്രസിന്റെ രണ്ടാം ദിനത്തില്‍ (ശനി) രാവിലെ 9 ന് അനിമല്‍ ഹസ്ബന്‍ഡറി കമ്മീഷണര്‍ ഡോ.അഭിജിത്ത് മിശ്ര സയന്‍സ് സെമിനാര്‍ സെഷന്‍ ഉദ്ഘാടനം ചെയ്യും. ഡോ.എന്‍.മോഹനന്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 19 ന് സയന്‍സ് കോണ്‍ഗ്രസ്സ് സമാപന സമ്മേളനം നടക്കും.

ഓര്‍ഗനൈസിങ്ങ് ചെയര്‍മാന്‍ ഡോ.എം.കെ.നാരായണന്‍, ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ.എ.ഇര്‍ഷാദ്, പൂക്കോട് വെറ്ററനറി സര്‍വ്വകലാശാല ഡി.എ.ആര്‍ ഡോ.സി. ലത, മണ്ണുത്തി സര്‍വ്വകലാശാല ഫാക്കല്‍റ്റി ഡീന്‍ ഡോ.കെ.വിജയകുമാര്‍, കെ.എസ്.വി.സി പ്രസിഡന്റ് ഡോ.വി.എം ഹാരിസ്, കെ.എല്‍.ഡി.ബി എം.ഡി ഡോ.ആര്‍ രാജീവ്, കേരള ഫീഡ്സ് ലിമിറ്റഡ് എം.ഡി ഡോ.ബി ശ്രീകുമാര്‍, നബാര്‍ഡ് പ്രതിനിധി വി. ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.