പൂക്കോടില്‍ വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് തുടങ്ങി
പാലുത്പാദനത്തില്‍ കേരളം ഒരു വര്‍ഷത്തിനുള്ളില്‍ സ്വയം പര്യാപ്തത നേടുമെന്ന് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു. പൂക്കോട് വെറ്ററിനറി കോളേജില്‍ പതിനഞ്ചാമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ്സും അന്താരാഷ്ട്ര സെമിനാറും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. കര്‍ഷകര്‍ക്ക് കാലിത്തീറ്റ സബ്സിഡി നല്‍കും.
ഇതുവഴി പാല്‍ ഉത്പാദനക്ഷമതയില്‍ വലിയ മാറ്റമുണ്ടാകും. നിലവില്‍ പാല്‍ ഉത്പാദനക്ഷമതയില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് കേരളം. മൃഗസംരക്ഷണ മേഖലയുടെ വളര്‍ച്ചയ്ക്കായി കര്‍ഷകരും ഡോക്ടര്‍മാരും ലൈഫ് സ്റ്റോക് ഇന്‍സ്പെപെക്ടര്‍മാരും കൂട്ടായി പ്രവര്‍ത്തിക്കണം.
വെറ്ററിനറി ഗവേഷണ മേഖലകളില്‍ ദേശീയ തലത്തില്‍ സമാനതകളില്ലാത്ത പ്രവര്‍ത്തനമാണ് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ നടത്തുന്നത്. ഗവേഷകര്‍, പഠന വിദഗ്ദര്‍, നയതന്ത്രജ്ഞര്‍, വിദ്യാര്‍ത്ഥികള്‍, വിവിധ വകുപ്പുകള്‍, കര്‍ഷകര്‍ തുടങ്ങി വിവിധ മേഖലയിലുള്ളവര്‍ ഒന്നിക്കുന്ന സയന്‍സ് കോണ്‍ഗ്രസ് പുതിയ മുന്നേറ്റമാകും.
ഗ്രാമീണ സമ്പദ്‌വ്യവസ്ഥയില്‍ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്ന മേഖലയാണ് മൃഗ സംരക്ഷണ മേഖല. സ്ത്രീകളും ചെറുകിട കര്‍ഷകരുമാണ് ഈ മേഖലയെ കൂടുതല്‍ ആശ്രയിച്ച് കഴിയുന്നത്. ഇവരുടെ ക്ഷേമം ഉറപ്പു വരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. മൃഗചികിത്സ വീട്ടുപടിക്കല്‍ എത്തിക്കും. മൃഗസംരക്ഷണം 24 മണിക്കൂര്‍ സേവന സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി കോംപെന്‍ഡിയം പ്രകാശനം ചെയ്തു. ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍.മോഹനന്‍ അധ്യക്ഷത വഹിച്ചു. കേരള വെറ്ററിനറി കോളേജ് വൈസ് ചാന്‍സിലര്‍ ഡോ.എം.ആര്‍.ശശീന്ദ്രനാഥ് മുഖ്യാതിഥിയായിരുന്നു. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ.എസ്.മായ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണിയെ ഇന്ത്യന്‍ വെറ്ററനറി അസോസിയേഷന്‍ പ്രസിഡന്റ് ഡോ.എന്‍ മോഹനന്‍ ഉപഹാരം നല്‍കി ആദരിച്ചു. പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.എം.ആര്‍ ശശീന്ദ്രനാഥിനെയും ഉപഹാരം നല്‍കി ആദരിച്ചു. ജില്ലയിലെ മികച്ച ക്ഷീര കര്‍ഷകര്‍ക്ക് കേരളാ ഫീഡ്സിന്റെ അവാര്‍ഡ് ദാനം മന്ത്രി നിര്‍വഹിച്ചു. വിവിധ ക്ഷീരോല്‍പാദന സഹകരണ സംഘങ്ങളിലെ അംഗങ്ങളായ ബീന എബ്രഹാം, എം വി മോഹന്‍ദാസ്, പി.സി സിന്ധു എന്നിവര്‍ മന്ത്രിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി.