കല്‍പ്പറ്റ മണ്ഡലം നവകേരള സദസ്സിന്റെ പന്തല്‍ നിര്‍മ്മാണം തുടങ്ങി. അയ്യായിരത്തിലധികം പേരെ ഉള്‍കൊള്ളാവുന്ന തരത്തില്‍ കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്താണ് പന്തല്‍ ഒരുക്കുന്നത്. നിവേദനങ്ങളും അപേക്ഷകളും സ്വീകരിക്കാന്‍ പ്രത്യേകം കൗണ്ടറുകളും സജ്ജീകരിക്കും. നവംബര്‍ 23 രാവിലെ 11 നാണ് കല്‍പ്പറ്റ മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുക. പെ#ാതുജനങ്ങളില്‍ നിന്നും പരാതി സ്വീകരിക്കാനുള്ള കൗണ്ടറുകളും സജ്ജീകരിക്കും. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ ഒരുക്കങ്ങള്‍ ജില്ലയില്‍പുരോഗമിക്കുകയാണ്.
കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടനവുമായി ബന്ധപ്പെട്ട് സര്‍വ്വീസ് സംഘടനകളുടെ യോഗം കളക്ട്രേറ്റില്‍ ചേര്‍ന്നു. മുൻ എം.എല്‍.എയും സഹകരണ ബോര്‍ഡ് വൈസ് ചെയര്‍മാനുമായ സി.കെ ശശീന്ദ്രന്റെ അധ്യക്ഷതയിലാണ് യോഗം ചേര്‍ന്നത്. നവംബര്‍ 23 ന് കല്‍പ്പറ്റയില്‍ നവകേരള സദസ്സില്‍ വിവിധ സര്‍വ്വീസ് സംഘടന പ്രതിനിധികള്‍ വഹിക്കേണ്ട ചുമതലകള്‍ സംബന്ധിച്ച് നിര്‍ദേശങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു. നവകേരള സദസ്സിന് മുന്നോടിയായി 21 ന് വിളംബര ജാഥയുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ഡെപ്യൂട്ടി കളക്ടര്‍ കെ.അജീഷ്, വിവിധ സര്‍വ്വീസ് സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.