കുറ്റകൃത്യങ്ങള്‍ക്ക് ഇരയായവര്‍ക്കായി നിലകൊള്ളുന്ന വിശ്വാസ് സംഘടനയുടെ വൊളണ്ടിയര്‍മാര്‍ക്കുള്ള പരിശീലനം കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടന്നു. ജില്ലയിലെ ആറ് കോളെജുകളില്‍ നിന്നുള്ള 150-ഓളം വരുന്ന വൊളണ്ടിയര്‍മാര്‍ക്കാണ് പരിശീലനം നല്‍കിയത്. ഡിവൈഎസ്പി വിജയകുമാര്‍ ഉദ്ഘാടനം ചെയ്ത പരിശീലന പരിപാടിയില്‍ വിശ്വാസ് സെക്രട്ടറിയും അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടറുമായ പി. പ്രേം നാഥ് ബോധവത്കരണ ക്ലാസ് നല്‍കി. കുട്ടികളുടെ ഇടയിലെ കുറ്റകൃത്യം തടയുന്നതിനൊപ്പം തന്നെ ഇവരാരും കുറ്റകൃത്യങ്ങള്‍ക്ക്് ഇരയാകാനും പാടില്ലെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് വിദ്യാര്‍ത്ഥികളായ വൊളണ്ടിയര്‍മാരെ വിശ്വാസിന്റെ ഭാഗമാക്കുന്നതെന്ന് പി. പ്രേം നാഥ് പറഞ്ഞു. റാഗിങ് തടയുക, സൈബര്‍ കുറ്റകൃത്യങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ തടയുക തുടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ നിയമ അവബോധം നല്‍കുകയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ലീഡ് കോളെജ് ഓഫ് മാനേജ്‌മെന്റ്, ചാത്തപ്പുരം ബിസിനസ് സ്‌കൂള്‍, വിആര്‍കെ എഴുത്തച്ഛന്‍ ലോ കോളെജ്, ചിന്മയ മിഷന്‍ കോളെജ്, നെഹ്‌റു അക്കാഡമി ഓഫ് ലോ, മേഴ്‌സി കോളെജ് എന്നിവടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് പരിശീലന പരിപാടിയില്‍ പങ്കെടുത്തത്. വിശ്വാസ് വൈസ് പ്രസിഡന്റ് മുരളീധരന്‍, അഡ്വ. ദേവി കൃപ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.