‘പാലക്കാടിനെ സമ്പൂര്‍ണ മാലിന്യമുക്തമാക്കുക’ എന്ന കാംപെയ്‌നിന്റെ ആദ്യഘട്ടമെന്നോണം ഹരിതകേരളം മിഷന്‍-ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ സിവില്‍ സ്റ്റേഷനിലെ വിവിധ ഓഫീസുകളില്‍ നിന്നും അഞ്ച് ടണ്‍ ഇ-മാലിന്യം ശേഖരിച്ചു നീക്കി. ജില്ലാ വ്യവസായ കേന്ദ്രം, ക്ഷീരവികസനവകുപ്പ്, ജില്ലാ പ്ലാനിങ് ഓഫീസ്, ഡെപ്യൂട്ടി ഡയറക്ടര്‍ നാഷണല്‍ സേവിങ്‌സ് , ഐ.സി.ഡി.എസ് പ്രോഗ്രാം സെല്‍, ലീഗല്‍ മെട്രോളജി ,സാമ്പത്തിക-സ്ഥിതി-വിവരണ-കണക്ക് , പൊതുമരാമത്ത് (ഇലക്ട്രിക്കല്‍ വിഭാഗം) , ജില്ലാ മെഡിക്കല്‍ ഓഫീസ് (ഹോമിയോ) എന്നീ ഓഫീസുകളിലെ ഇ-മാലിന്യമാണ് ക്ലീന്‍ കേരളാ കമ്പനിക്ക് ഹരിതകേരളം- ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ കൈമാറിയത്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് ഇമാലിന്യം സംഭരിച്ച വാഹനം ഫ്‌ളാഗ് ഓഫ് ചെയ്്തു.
ജില്ലയെ അടുത്തവര്‍ഷം ജനുവരി 26-ന് സമ്പൂര്‍ണ മാലിന്യമുക്തമാക്കി മാറ്റുകയാണ് കാംപെയ്‌നിന്റെ ലക്ഷ്യം. സിവില്‍ സ്റ്റേഷനില്‍ നിന്നും ശേഖരിക്കുന്ന ഇ-മാലിന്യം കഞ്ചിക്കോട് പ്രവര്‍ത്തിക്കുന്ന അംഗീകൃത കളക്ഷന്‍ ഏജന്‍സിയായ എര്‍ത്ത്‌സെന്‍സിന് കൈമാറുകയും തുടര്‍ന്ന് പുനര്‍ചക്രമണത്തിന് ഹൈദരാബാദിലേക്ക് അയയ്ക്കുകയുമാണ് ചെയ്യുക. എ.ഡി.എം. ടി.വിജയന്‍ അധ്യക്ഷനായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ-സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ കെ.ബിനുമോള്‍, ക്ഷേമകാര്യ-സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ എ.ബിന്ദു, ഹരിതകേരള മിഷന്‍ ജില്ലാ കോഓഡിനേറ്റര്‍ വൈ.കല്ല്യാണകൃഷ്ണന്‍, ഹുസൂര്‍ ശിരസ്തദാര്‍ കെ.എസ്.ഗീത, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ ഏലിയാമ്മ നൈനാന്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജില്ലാ എന്‍വിയോണ്‍മെന്റല്‍ എഞ്ചിനീയര്‍ എം.എന്‍. കൃഷ്ണന്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ബെനില ബ്രൂണോ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജീവനക്കാര്‍ പങ്കെടുത്തു.