സ്ത്രീകളെ മുന്‍നിര്‍ത്തി പുരുഷന്‍മാര്‍ സംസ്ഥാന വനിതാ കമ്മീഷന് പരാതി നല്‍കുന്ന പ്രവണത വര്‍ദ്ധിക്കുന്നതായി കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം.സി ജോസഫൈന്‍. ഇത്തരം കേസുകള്‍ കമ്മീഷന് മുന്നിലെത്തുമ്പോള്‍ പരാതി സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ നല്‍കാന്‍ പോലും പല സ്ത്രീകള്‍ക്കും സാധിക്കാറില്ലെന്നും അവര്‍ക്ക് പകരമായി പുരുഷന്‍മാരാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടികാട്ടി. ഇങ്ങനെയുള്ള കേസുകള്‍ക്കെതിരെ കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ കമ്മീഷന്‍ വ്യക്തമാക്കി. കമ്മീഷന്‍ മുമ്പാകെ പുതിയ മൂന്ന് പരാതി ഉള്‍പ്പെടെ 73 പരാതികളാണ് ലഭിച്ചത്. ഇതില്‍ 24 പരാതികള്‍ തീര്‍പ്പാക്കി. 16 പരാതികള്‍ അടുത്ത അദാലത്തിലേക്ക് മാറ്റുകയും ഒരു പരാതി സൗജന്യ നിയമ സഹായത്തിനായി ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക്‌കൈമാറിയതായും ചെയര്‍പേഴ്‌സന്‍ അറിയിച്ചു.
കുടുംബസ്വത്ത്, വഴി തര്‍ക്കങ്ങള്‍ സംബന്ധിച്ച പരാതികളാണ് കൂടുതലായും കമ്മീഷന്‍ പരിഗണിച്ചത്. ഡി.എന്‍.എ പരിശോധനയും നഷ്ടപരിഹാരവും ആവശ്യപ്പെട്ട് കമ്മീഷന്‍ മുമ്പാകെ ലഭിച്ച പരാതി പരിഗണിച്ചപ്പോള്‍ പരാതികാരിയുടെയും നാലര വയസുള്ള കുട്ടിയുടെയും പുനരധിവാസം,പഠനം, സംരക്ഷണം എന്നിവ ഉറപ്പാക്കാനും കമ്മീഷന്‍ തീരുമാനിച്ചു. നിലവില്‍ കോടതിയുടെ പരിഗണനയില്‍ ഉള്ള വിവിധ കേസുകള്‍ കമ്മീഷന്‍ മുമ്പാകെ ലഭിച്ചതായും അത്തരം കേസുകള്‍ കമ്മീഷന് പരിഗണിക്കാന്‍ സാധിക്കില്ലെന്നും കമ്മീഷന്‍ അംഗം ഷാഹിദ കമാല്‍ അറിയിച്ചു. കമ്മീഷന് പരാതി നല്‍കിയിട്ട് അദാലത്തിന് ഹാജരാവാതിരിക്കുന്ന വിവിധ കേസുകള്‍ ഉണ്ടെന്നും ഇത്തരം സാഹചര്യങ്ങള്‍ കമ്മീഷന് സമയനഷ്ടം ഉണ്ടാക്കുന്നതായും ചെയര്‍പേഴ്‌സന്‍ അറിയിച്ചു. കമ്മീഷന്‍ അംഗം അഡ്വ.ഷിജി ശിവജി, കമ്മീഷന്‍ ഡയറക്ടര്‍ പി.യു. കുര്യാക്കോസ്, വനിതാ സെല്‍ എസ്.ഐ. വി.അനിലകുമാരി, എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.