നവകേരളനിര്‍മിതിയിലേയ്ക്ക് സംസ്ഥാനം മുന്നിട്ടിറങ്ങുമ്പോള്‍ പ്രളയം നല്കിയ തിരിച്ചറിവുകള്‍ ശാസ്ത്രീയമായി രേഖപ്പെടുത്തി വരുംതലമുറയ്ക്ക് കൈമാറാന്‍ അകത്തേത്തറ ഗ്രാമ പഞ്ചായത്ത് പ്രളയഭൂപടം തയ്യാറാക്കി. സംസ്ഥാനത്തെ ആദ്യപ്രളയ ഭൂപടമാണ് അകത്തേത്തറ ഗ്രാമപഞ്ചായത്തിന്റേത്. പഞ്ചായത്തില്‍ ഏറ്റവുമധികം നാശനഷ്ടം ഉണ്ടായ എട്ടാം വാര്‍ഡായ ആണ്ടിമഠത്തിന്റെ ഭൂപടമാണ് തയാറാക്കിയിട്ടുളളത്. ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ ശാന്തകുമാരിയാണ് പ്രളയഭൂപടം പ്രകാശനം ചെയ്തത്. ജില്ലയില്‍ ആദ്യത്തെ ദുരിതാശ്വാസക്യാമ്പ് പ്രവര്‍ത്തനമാരംഭിച്ചത് ആണ്ടിമഠത്താണ്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ നൂറുകണക്കിന് വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ദിവസങ്ങളോളം ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്നിരുന്നു.എട്ടാം വാര്‍ഡിലെ വെള്ളംകയറിയ മുഴുവന്‍ വീടുകളും ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഹരിതകേരളമിഷന്റെ ആവശ്യപ്രകാരം ചിറ്റൂര്‍ ഗവ.കോളെജ് അധ്യാപകരായ ഡോ. പി.സുരേഷ്, ഡോ.റിച്ചാര്‍ഡ് സ്കറിയ, ഡോ. പി.പങ്കജാക്ഷന് എന്നിവരാണ് പ്രളയഭൂപടം തയാറാക്കിയത്. ഗവ.കോളെജ് ചിറ്റൂര്‍, എന്‍.എന്‍.എസ് കോളെജ് ഒറ്റപ്പാലം, എഞ്ചിനീയറിങ് കോളെജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ 100 വീടുകളില്‍ നേരിട്ടെത്തി വിവരങ്ങള്‍ ശേഖരിച്ചാണ ് ഭൂപടം തയ്യാറാക്കുന്നതിന് മുന്നോടിയായി സര്‍വേ നടത്തിയത്. ശാസ്ത്ര സാഹിത്യ പരിഷത് പ്രവര്‍ത്തകരും ‘നന്മ’ പ്രതിനിധികളും സര്‍വേയില്‍ സഹകരിച്ചു.
പ്രളയത്തിന്റെ തീവ്രതയും വിവിധഘട്ടങ്ങളും വിശദമാക്കി സ്കെയിലും വിവിധ നിറങ്ങളും ഉപയോഗിച്ച് വിവരങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നതിനാല്‍ സാധാരണക്കാര്‍ക്കുപോലും ഭൂപടത്തിന്റെ ഉള്ളടക്കം മനസിലാക്കാന്‍ കഴിയും. ഭ്രംശമേഖലകള്‍, കാര്‍ഷികമേഖലകള്‍, ചരിവു തലങ്ങള്‍, സമതലമേഖലകള്‍, മണ്ണിനങ്ങള്‍, ജലസ്രോതസുകള്‍, എന്നിവ വ്യത്യസ്ത ഭൂപടങ്ങളില്‍ പ്രതിപാദിക്കുന്നു. ഒരുമീറ്റര്‍, രണ്ടു മീറ്റര്‍, രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം കയറിയ വീടുകള്‍ എന്നിവ വിവിധ നിറങ്ങളിലാണ് ഭൂപടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
ഭൂപടം തയാറാക്കിയ അധ്യാപകര്‍ കണ്ടെത്തലുകള്‍ വിശദീകരിച്ചു. ഇനിയൊരു ദുരന്തമുണ്ടായാല്‍ എടുക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും പ്രതിപാദിച്ചു. വിവിധോദ്ദേശ ദുരന്തനിവാരണ കേന്ദ്രം, ദുരന്തനിവാരണസേന എന്നിവ പഞ്ചായത്തില്‍ ഒരുക്കണമെന്ന നിര്‍ദേശവും ഹരിതകേരളം മിഷന് മുന്നോട്ടു വച്ചു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന് അധ്യക്ഷനായി. ഹരിതകേരളം മിഷന് സ്റ്റേറ്റ് റിസോഴ്സ് പേഴ്സണ്‍ കെ.വാസുദേവന്‍ പിള്ള, ഹരിതകേരളം മിഷന് കോഡിനേറ്റര്‍ വൈ.കല്യാണകൃഷ്ണന്, അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി.സദാശിവന്, വൈസ് പ്രസിഡന്റ് കെ.സുനിത, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ബിജു.കെ. ആന്‍ഡ്രൂസ്, സെക്രട്ടറി ഇന്‍ചാര്‍ജ് ഹരിമോഹന്‍ എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, നന്മ പ്രതിനിധികള്‍, റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍, ഹരിതകര്‍മസേന പ്രവര്‍ത്തകര്‍, പഞ്ചായത്ത ജീവനക്കാര്‍ പരിപാടിയില്‍ പങ്കാളികളായി.
