ജനാരവത്തില്‍ നവകേരള സദസ്സ്, ജനാവലിയില്‍ നിറഞ്ഞൊഴുകി കാഞ്ഞങ്ങാട്. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കാണാനും പരാതികള്‍ അറിയിക്കാനുമായി കാഞ്ഞങ്ങാട്ടേക്ക് ഒഴുകിയ ജനങ്ങള്‍ നിയന്ത്രണാതീതമായപ്പോള്‍ വൈകീട്ട് 3.30ഓടെ പ്രധാന വഴികളെല്ലാം അടച്ചിരുന്നു. നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍ കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നവകേരള സദസ്സ് ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ മന്ത്രിമാരെ ഒരുമിച്ച് നേരില്‍ കണ്ട സന്തോഷത്തിലായിരുന്നു ഓരോ മുഖവും. കരഘോഷത്തോടെയും ആര്‍പ്പുവിളികളോടെയും ജനക്കൂട്ടം മന്ത്രിമാരെ സ്വീകരിച്ചു. കാഞ്ഞങ്ങാടന്‍ ജനത കൈകോര്‍ത്ത് ദുര്‍ഗാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനത്ത് അണി നിരന്നു. സദസ്സിലെത്തിയവര്‍ക്കെല്ലാം കുടിവെള്ളവും ലഘുഭക്ഷണവും ഒരുക്കിയിരുന്നു. 7000 ഓളം കസേരകളാണ് സംഘാടകര്‍ ഒരുക്കിയത്.

കലയില്‍ ചരിത്രം തീര്‍ത്ത് ‘കഥയ മമ’

കേരളത്തിന്റെ പ്രകൃതി ദൃശ്യചാരുതയും, ചരിത്രത്തിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങളും നേരില്‍ കണ്ട നിമിഷങ്ങള്‍. കേരളത്തിന്റെ ഇന്നലകളിലെ ചരിത്രത്തിന്റെ കനല്‍വഴികള്‍ മുതല്‍ ഇന്ന് നാം ചുവടുവെക്കുന്ന പുതിയ കേരളത്തിന്റെ ചരിത്രം വരെ വിവിധ കലാരൂപങ്ങളിലൂടെ അരങ്ങത്തെത്തിച്ച് കഥയമമ. കാഞ്ഞങ്ങാട് നിയോജകമണ്ഡലം പരിധിയില്‍ പെടുന്ന 148 ഓളം കലാകാരന്മാരാണ് കേരളത്തിന്റെ ചരിത്രം ഫ്യൂഷനിലൂടെ അവതരിപ്പിച്ചത്. കേരളത്തിന്റെ പ്രകൃതി ദൃശ്യചാരുതയും, ചരിത്രത്തിലെ നാഴികക്കല്ലുകളായ മുഹൂര്‍ത്തങ്ങളും, ശ്രീ നാരായണ ഗുരു, ഇ.എം.എസ്, മുണ്ടശ്ശേരി, ഒ.ചന്തുമേനോന്‍, വി.ടി.ഭട്ടതിരിപ്പാട്, തുടങ്ങിയ ചരിത്ര പുരുഷന്മാരും, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, പാട്ടബാക്കി, അടുക്കളയില്‍ നിന്നും അരങ്ങത്തേക്ക് തുടങ്ങിയ നാടകങ്ങളിലെ രംഗങ്ങളും, കടമ്മനിട്ടയുടെ കുറത്തി, വയലാറിന്റെ ഗാനങ്ങള്‍, അലാമിക്കളി, ഒപ്പന, മംഗലം കളി, കഥകളി, ഓട്ടം തുള്ളല്‍, തെയ്യം, പൂരക്കളി, തിരുവാതിര, നാടോടി നൃത്തം, കൃഷിപ്പാട്ട് , മാര്‍ഗംകളി, ഫ്യൂഷന്‍ – ക്ലാസിക്കല്‍ നൃത്തങ്ങള്‍ തുടങ്ങിയ 27 കലാരൂപങ്ങളാണ് അരങ്ങിലെത്തിയത്. പ്രശസ്ത നാടകകൃത്ത് പ്രകാശന്‍ കരിവെള്ളൂരിന്റെ രചനയ്ക്ക് നാടകപ്രവര്‍ത്തകനായ ഒ.പി.ചന്ദ്രനാണ് രംഗഭാഷ ഒരുക്കിയത്.

നാടന്‍ ശീലുകളാല്‍ സദസിനെ കയ്യിലെടുത്ത് ഗോത്രപ്പെരുമ

കാഞ്ഞങ്ങാട് മണ്ഡലം നവകേരള സദസ്സിലാണ് ചിലമ്പൊലി നാടന്‍കലാ നട്ടറിവ് പഠനകേന്ദ്രത്തിന്റെ ഗ്രോത്രപെരുമ നാടന്‍ കലാമേള നടന്നത്. വ്യത്യസ്ഥമായ നാടന്‍ പാട്ടുകള്‍ കോര്‍ത്തിണക്കി നടത്തിയ ഗ്രോത്രപെരുമ കാണികള്‍ക്ക് നവ്യാനുഭവം പകര്‍ന്നു. പഴയകാല സിനിമാ ഗാനങ്ങളും നാടക ഗാനങ്ങളും കാണികള്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തി. എ.പിഅഭിരാജ്, ശരത്ത് അത്താഴക്കുന്ന്, സായന്ത്, രഞ്ജു മുള്ളേരിയ, ജിത്തു കൊടക്കാട്, ഹരിത റോബിന്‍, ഹരിത കൊടക്കാട് എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. എം.ശരത്ത്, സന്ദേശ് തട്ടുമ്മല്‍, പ്രണവ് പാലായി, രാമകൃഷ്ണന്‍ കരിച്ചേരി, റോബിന്‍ എന്നിവര്‍ താളവാദ്യങ്ങള്‍ കൈകാര്യം ചെയ്തു.