മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പ്രചാരണത്തിന്റെ ഭാഗമായി മാനന്തവാടിയിൽ പ്രഭാത സവാരി നടത്തി. ഒ.ആർ കേളു എം.എൽ.എയുടെ നേതൃത്വത്തിൽ നടത്തിയ പ്രഭാത നടത്തത്തിൽ കുട്ടികളടക്കം സാമൂഹിക സാംസ്ക്കാരിക മേഖലകളിലെ നിരവധി പേർ അണിനിരന്നു. രാവിലെ 8.15ന് മാനന്തവാടി മണ്ഡലത്തിലെ നവകേരള സദസ്സിൻ്റെ വേദിയായ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സ് മൈതാനത്ത് നിന്നും തുടങ്ങിയ പ്രഭാത സവാരി മാനന്തവാടി നഗരം ചുറ്റി കാലത്ത് 9 മണിയോടെ മാനന്തവാടി ഗാന്ധി പാർക്കിൽ സമാപിച്ചു.

നവകേരള സദസ്സിൻ്റെ ടീ ഷർട്ടുകൾ അണിഞ്ഞായിരുന്നു പ്രഭാത നടത്തം. നവകേരള സദസ്സിൻ്റെ പ്രചരണാർത്ഥം വിപുലമായ പരിപാടികളാണ് മാനന്തവാടിയിൽ ഒരുക്കിയിട്ടുള്ളത്. പ്രഭാത നടത്തത്തിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി, തഹസിൽദാർ എം.ജെ അഗസ്റ്റിൻ, ജനപ്രതിനിധികൾ, സാംസ്ക്കാരിക പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.