ബാലാവകാശ വാരാചരണത്തിന്റെ ഭാഗമായി സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്റെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും ആഭിമുഖ്യത്തില്‍ റൈറ്റ്സ് റൈഡ് ഫോര്‍ ദി ചൈല്‍ഡ് എന്ന പേരില്‍ വടക്കഞ്ചേരി മുതല്‍ വാളയാര്‍ മലബാര്‍ സിമന്റ്‌സ് നടുപ്പതി ഊര് വരെ മോട്ടോര്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചു. പാലക്കാട് റോയല്‍ എന്‍ഫീല്‍ഡ് ഓണേഴ്‌സ് ക്ലബ്ബ് അംഗങ്ങളുടെയും പാലക്കാട് ഗവ പോളിടെക്‌നിക് കോളെജിലെ നാഷണല്‍ സര്‍വീസ് സ്‌കീം, സ്റ്റുഡന്റ് പോലീസ് കേഡറ്റ്‌സ് എന്നിവരുടെയും സഹകരണത്തോടെ സംഘടിപ്പിച്ച റാലി വടക്കഞ്ചേരി ഇന്‍സ്‌പെക്ടര്‍ ബാബു ഫ്‌ളാഗ് ഓഫ് ചെയ്തു.
ആലത്തൂര്‍, കാഴ്ചപ്പറമ്പ്, കഞ്ചിക്കോട് എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് ബാലാവകാശങ്ങളെയും ലഹരി വര്‍ജനത്തിനുമായുള്ള സന്ദേശങ്ങള്‍ അടങ്ങിയ ലഘുലേഖനങ്ങള്‍ വിതരണം ചെയ്തു. വാളയാര്‍ മലബാര്‍ സിമന്റ്‌സ് പ്രദേശത്തുള്ള നടുപ്പതി ഊരില്‍ നടന്ന സമാപന പരിപാടിയില്‍ നടുപ്പതി ജി.ടി.ഡബ്ല്യു.എല്‍.പി സ്‌കൂളില്‍ പ്രദേശവാസികള്‍ക്കായി ലഹരി വിമുക്ത ബാല്യം, ബാലാവകാശ സംരക്ഷണം എന്നിവ മുന്‍നിര്‍ത്തിക്കൊണ്ട് സാമൂഹ്യപ്രവര്‍ത്തന വിഭാഗം വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സംഘടിപ്പിച്ചു.
റാലിയില്‍ പങ്കെടുത്ത റൈഡര്‍മാര്‍ക്ക് ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട ഗൂഗിള്‍ കിറ്റ് നല്‍കി. പരിപാടിയില്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, പുതുശ്ശേരി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ ആല്‍ബര്‍ട്ട് കുമാര്‍, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ഡി. അമൃതവല്ലി, ജി.ടി.ഡബ്ല്യു.എല്‍.പി സ്‌കൂള്‍ പ്രധാനധ്യാപകന്‍ ജോണ്‍ ആല്‍ബര്‍ട്ട്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ്, വിമുക്തി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ദൃശ്യ, നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റ് പ്രോഗ്രാം ഓഫീസര്‍ എന്‍.വി ജിതേഷ്, ഊര് മൂപ്പന്മാരായ ചിന്നന്‍ രാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ മത്സരങ്ങളില്‍ വിജയികളായ എല്‍.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനവും നല്‍കി.