പട്ടിക വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള കേന്ദ്ര പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പിലാക്കുന്നതിന് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രൊഫ.പി.ജെ.കുര്യന്‍ നിര്‍ദേശിച്ചു. പത്തനംതിട്ട ജില്ലാ ഡിസ്ട്രിക് ഡവലപ്മെന്‍റ് ആന്‍റ് കോ-ഓര്‍ഡിനേറ്റിംഗ് കമ്മിറ്റി (ദിഷാ) യോഗം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷന്‍. ആശിച്ച ഭൂമി ആദിവാസികള്‍ക്ക് എന്ന പദ്ധതി പ്രകാരം അവര്‍ കണ്ടെത്തുന്ന ഭൂമി വിലയ്ക്ക് വാങ്ങി നല്‍കുന്നതിനുള്ള നടപടികളുണ്ടാവണം. ഭൂരഹിതരായ ആദിവാസികള്‍ക്ക് എത്രയും വേഗം ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടിയും സ്വീകരിക്കണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളുടെ പദ്ധതികളുടെ പുരോഗതി കൃത്യമായി നിരീക്ഷിക്കണം.
പ്രധാനമന്ത്രി ഉജ്വല്‍ യോജനയില്‍ അര്‍ഹതയുളളവര്‍ക്കെല്ലാം ഗ്യാസ് കണക്ഷന്‍ ലഭ്യമാക്കണം. ദേശീയ കുടിവെളള പദ്ധതിയിലുളള മുഴുവന്‍പദ്ധതികളും പൂര്‍ത്തീകരിക്കണം. അംഗീകരിച്ച കുടിവെളള പദ്ധതികള്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞ് ഉപേക്ഷിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇതിനായി ബദല്‍ പദ്ധതികള്‍ കണ്ടെത്തണമെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പറഞ്ഞു. ദേശീയ ഗ്രാമീണ കുടിവെളള പദ്ധതിക്ക് കേന്ദ്ര ഫണ്ട് ലഭിക്കാത്തതിനാല്‍ നിലവിലുളള പദ്ധതികള്‍ പുര്‍ത്തീകരിക്കാന്‍ കഴിയാത്ത സാഹചര്യം കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും യോഗം തീരുമാനിച്ചു.
സര്‍വ ശിക്ഷാ അഭിയാനില്‍ കുട്ടികള്‍ക്ക് ഉച്ചയൂണ്, യൂണിഫോം എന്നിവ നല്‍കുന്ന പദ്ധതികളുടെ ഉയര്‍ന്ന ഗുണനിലവാരമുറപ്പുവരുത്തണമെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ നിര്‍ദ്ദേശിച്ചു. ഇതിനായി ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറും ഉപജില്ലാ വിദ്യാഭ്യാസ ആഫിസര്‍മാരും നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. സര്‍വശിക്ഷാ അഭിയാന്‍ പ്രകാരം ലഭിക്കാനുള്ള വിഹിതം നല്‍കിയിട്ടില്ലാത്ത പഞ്ചായത്തുകള്‍ ഫണ്ട് നല്‍കുന്നതിനായി നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി. അരുവാപ്പുലം ആവണിപ്പാറ ആദിവാസി കോളനി നിവാസികള്‍ക്ക് വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ത്വരിതപ്പെടുത്തണം. പെരിങ്ങര ശുദ്ധജല പദ്ധതിയുമായി ബന്ധപ്പെട്ട് നിര്‍മിച്ച വാട്ടര്‍ ടാങ്ക് കമ്മീഷന്‍ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിബന്ധനകള്‍ പ്രായോഗികമാക്കി കേന്ദ്രാവിഷ്കൃത പദ്ധതികളുടെ നിര്‍വ്വഹണത്തിന് സഹായകരമായ സാഹചര്യമൊരുക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയില്‍ ആസ്തിവികസനത്തിന് പ്രാമുഖ്യം കൊടുക്കണമെന്ന കേന്ദ്ര നിബന്ധന പ്രായോഗികമായി നടപ്പാക്കാന്‍ കഴിയാത്ത സാഹചര്യമുണ്ട്. നിര്‍മ്മാണ സാമഗ്രികള്‍ നല്‍കുന്നവര്‍ക്കും വിദഗ്ധ, അര്‍ദ്ധ വിദഗ്ധ തൊഴിലാളികള്‍ക്കും സമയത്തിന് വേതനം നല്‍കാന്‍ കഴിയാത്ത സ്ഥിതിയാണ്. ഒരു വര്‍ഷത്തിലധികമായി ഈ ഇനത്തില്‍ ജില്ലയില്‍ 2.76 കോടി രൂപയുടെ കുടിശികയുണ്ട്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് യഥാസമയം അനുവദിക്കാത്തതാണ് പ്രധാന കാരണം. അവിദഗ്ധ തൊഴിലാളികളുടെ വേതനവും നിയമം അനുസരിച്ച് 14 ദിവസത്തിനകം നല്‍കാന്‍ കഴിയുന്നില്ലെന്ന് യോഗം നിരീക്ഷിച്ചു. സാധനങ്ങള്‍ വിതരണം ചെയ്തിട്ടുളള കരാറുകാര്‍ക്കും തൊഴിലാളികളുടെ വേതന കുടി ശികയും അനുവദിക്കുന്നതിനുളള കാലതാമസം ഒഴിവാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലയില്‍ തൊഴിലുറപ്പ് പദ്ധതിക്ക് പ്രത്യേക ജോയിന്‍റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററില്ലാത്ത സ്ഥിതിയില്‍ പദ്ധതി മോണിറ്ററിംഗ് കൃത്യമായി നടത്താന്‍ കഴിയാത്ത അവസ്ഥയാണെന്ന് യോഗത്തില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഈപ്പന്‍ കുര്യന്‍ പറഞ്ഞു. എത്രയും വേഗം ജില്ലയില്‍ പ്രത്യേകമായി ജോയിന്‍റ് പ്രോഗ്രാം കോഓര്‍ഡിനേറ്ററെ നിയമിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു. കൂടാതെ, സാധന സാമഗ്രികള്‍ നല്‍കിയ വെണ്ടര്‍മാര്‍ക്കുളള തുകയും വിദഗ്ധ തൊഴിലാളികളുടെ വേതന കുടിശികയും പഞ്ചായത്തുകള്‍ക്ക് തല്‍ക്കാലം സംസ്ഥാന സര്‍ക്കാര്‍ നല്‍കുകയും കേന്ദ്രഫണ്ട് ലഭ്യമാകുമ്പോള്‍ അത് ക്രമീകരിക്കണമെന്നുളള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്‍കുന്നതിനും യോഗം തീരുമാനിച്ചു.
വൈദ്യുതിയില്ലാത്ത അങ്കണവാടികളുടെ വൈദ്യുതീകരണം എത്രയും വേഗം പൂര്‍ത്തീകരിക്കുന്നതിന് സാമൂഹികനീതി വകുപ്പും പഞ്ചായത്തുകളും നടപടിയെടുക്കണം. സ്വച്ച് ഭാരത മിഷന്‍ പദ്ധതികളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തണമെന്നും പൊതു സ്ഥലങ്ങളിലെ ശൗചാലയനിര്‍മ്മാണം, പ്ലാസ്റ്റിക്ക് നിര്‍മ്മാര്‍ജ്ജനത്തിനുളള ഷ്രെഡിംഗ് യൂണിറ്റുകള്‍, അറവുശാലകള്‍, ആശുപത്രി മാലിന്യപരിപാലന പ്ലാന്‍റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിന് സ്വച്ഛ് ഭാരത് മിഷന്‍റെ ഫണ്ട് ഉപയോഗപ്പെടുത്തണമെന്ന് യോഗം തീരുമാനിച്ചു.
കേന്ദ്രാവിഷ്കൃത പദ്ധതികള്‍ കാര്യക്ഷമമായി നിര്‍വഹിച്ച് ജനങ്ങള്‍ക്ക് പ്രയോജനപ്രദമാക്കാന്‍ ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിന് നടപടികള്‍ സ്വീകരിക്കുന്നതാണെന്നും ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ പറഞ്ഞു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ആര്‍ ഗിരിജ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ ഈപ്പന്‍കുര്യന്‍(പുളിക്കീഴ്), എം.ബി സത്യന്‍(ഇലന്തൂര്‍), കോന്നിയൂര്‍ പി.കെ(കോന്നി), നിര്‍മ്മല മാത്യൂസ്(കോയിപ്രം),ശോശാമ്മാ തോമസ്(മല്ലപ്പളളി), ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ ലിസിമോള്‍ ജോസഫ്(വളളിക്കോട്),പി.കെ ഗോപി(മൈലപ്ര), ദിഷ കണ്‍വീനറായ ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കേന്ദ്ര പദ്ധതികളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.