വയനാട് ജില്ലയിലെ മികച്ച കുടുംബശ്രീ സി.ഡി.എസിനുള്ള പുരസ്‌കാരം പൂതാടി ഗ്രാമപഞ്ചായത്ത് കരസ്ഥമാക്കി. രണ്ടാം സ്ഥാനം തിരുനെല്ലിക്കും മൂന്നാം സ്ഥാനം അമ്പലവയലിനുമാണ്. ഒന്നാം സ്ഥാനത്തെത്തിയ പൂതാടി സി.ഡി.എസിന് അവാര്‍ഡ് തുകയായ ഒരു ലക്ഷം രൂപ ഹരിതകേരള മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണും കുടുംബശ്രീ ഗവേണിംഗ് ബോഡി അംഗവുമായ ടി.എന്‍. സീമ കൈമാറി. രണ്ടാം സ്ഥാനത്തിന് 75,000 രൂപയും മൂന്നാം സ്ഥാനത്തിന് 50,000 രൂപയുമാണ് സമ്മാനത്തുക.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പദ്ധതി നടപ്പാക്കുന്നതിലുള്ള പുരോഗതി, മറ്റു വകുപ്പുകളുമായുള്ള സംയോജനം, കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ആനുകൂല്യം ലഭ്യമാക്കുന്നതിലും കൈമാറുന്നതിലുമുള്ള ജാഗ്രതയും വേഗവും, പട്ടികവര്‍ഗ മേഖലയിലെ പ്രത്യേക പ്രവര്‍ത്തനം എന്നിവയിലെ മികവ് പരിഗണിച്ചാണ് വിജയികളെ തീരുമാനിച്ചത്. ആദ്യഘട്ടത്തില്‍ മുഴുവന്‍ സി.ഡി.എസുകളോടും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പ്രത്യേക ഫോര്‍മാറ്റില്‍ ജില്ലാ മിഷനില്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇത്തരത്തില്‍ ഫോര്‍മാറ്റ് സമര്‍പ്പിച്ച 15 സി.ഡി.എസുകളെയാണ് രണ്ടാം ഘട്ടത്തിലേക്ക് പരിഗണിച്ചത്. തുടര്‍ന്ന് ഇവര്‍ക്ക് പ്രവര്‍ത്തനങ്ങളുടെ വിശദമായ അവതരണത്തിന് അവസരം നല്‍കി. ഇത് പരിശോധിച്ചാണ് വിജയികളെ തിരഞ്ഞെടുത്തത്. കുടുംബശ്രീ സംരംഭങ്ങള്‍, കാര്‍ഷിക മേഖല, പട്ടികവര്‍ഗ വികസന പദ്ധതി, അയല്‍ക്കൂട്ടങ്ങളുടെ പങ്കാളിത്തം, കണക്കുകളും രേഖകളും സൂക്ഷിക്കുന്നതിലെ മികവ്, പദ്ധതികളെക്കുറിച്ച് അയല്‍ക്കൂട്ടാംഗങ്ങള്‍ക്കുള്ള അറിവ്, ഗ്രാമപഞ്ചായത്തുമായുള്ള സംയോജിത പ്രവര്‍ത്തനങ്ങള്‍ എന്നിവയിലെല്ലാം പുലര്‍ത്തിയ മികവാണ് പൂതാടിക്ക് ഒന്നാംസ്ഥാനം ലഭിക്കാന്‍ കാരണം. ആകെ 539 അയല്‍ക്കൂട്ടങ്ങളാണ് പൂതാടിയിലുള്ളത്. ഇവയുടെ നേതൃത്വത്തില്‍ കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി 545 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ സി.ഡി.എസിന് കീഴില്‍ രൂപീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളിലായി 72 മൈക്രോ സംരംഭങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. പട്ടികവര്‍ഗ മേഖലയിലെ സമഗ്രമായ പ്രവര്‍ത്തനത്തിലൂടെ 130 പ്രത്യേക അയല്‍ക്കൂട്ടങ്ങള്‍ രൂപീകരിക്കാന്‍ സി.ഡി.എസിന് കഴിഞ്ഞിട്ടുണ്ട്. ഗ്രാമപഞ്ചായത്തിന്റെ പദ്ധതി പ്രവര്‍ത്തനങ്ങളിലും കുടുംബശ്രീക്ക് പ്രഥമ പരിഗണനയാണ് നല്‍കുന്നത്. ഈ വര്‍ഷം തുടങ്ങിയ സ്റ്റാര്‍ട്ടപ്പ് വില്ലേജ് എന്റര്‍പ്രണര്‍ഷിപ്പ് പ്രോഗ്രാമിന്റെ ആസ്ഥാനമായി തിരഞ്ഞെടുത്തത് പൂതാടി ഗ്രാമപഞ്ചായത്താണ്.
സമ്മാനദാന ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ വി.ആര്‍. പ്രവീജ് അദ്ധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ പി. സാജിത, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ കെ.എ. ഹാരിസ്, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പി.കെ. സുഹൈല്‍, എസ്. ഷീന, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ജിഷ തുടങ്ങിയവര്‍ സംസാരിച്ചു.