നവകേരള സദസ്സിന്റെ മുന്നോടിയായി മാനന്തവാടിയില്‍ വൈകുന്നേരങ്ങളില്‍ അരങ്ങേറുന്ന സാംസ്‌ക്കാരിക സദസ്സ് മാനന്തവാടിക്ക് കൗതുകമാകുന്നു. മാനന്തവാടിയിലെ കലാകാരന്‍മാരുടെ സംഗമവേദി കൂടിയാകുകയാണ് സാംസ്‌ക്കാരിക സദസ്സ്. ഇമ്പമാര്‍ന്ന ഗസല്‍ ഗീതങ്ങളും നാട്ടു പഴമയുടെ ചേലുള്ള നാടന്‍ പാട്ടുകളും സാംസ്‌ക്കാരിക സദസ്സിന്റെ വേദി കീഴടക്കിയപ്പോള്‍ കാണികളുടെ വേഷത്തില്‍ ഒ.ആര്‍ കേ ളു എം എല്‍ എ യും ജനപ്രതിനിധികളും കലാ, സാമൂഹിക, സാംസ്‌ക്കാരിക മേഖലകളിലെ വ്യക്തികളും സാംസ്‌ക്കാരിക സദസ്സിന്റെ ഭാഗമായി.

മാനന്തവാടിയിലെ സംഗീതാധ്യാപകനായ ജനാര്‍ദ്ദനന്‍ മാസ്റ്ററാണ് സാംസ്‌ക്കാരിക സദസ്സിലെ കലാവിരുന്നിന് തുടക്കമിട്ടത്. കൊയിലേരി പഴശ്ശി ചെണ്ടവാദ്യത്തിന്റെ ചെണ്ടമേളം, മാനന്തവാടിയുടെ കലാഭവന്‍ മണിയായ കുഞ്ഞന്‍ മണിയുടെ വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ എന്നിവ സാംസ്‌ക്കാരി സദസ്സിന്റെ പ്രധാന ആകര്‍ഷണങ്ങളായി മാറി.

ചരിത്രമുറങ്ങുന്ന മാനന്തവാടിയിലെ ഗാന്ധി പാര്‍ക്കിലാണ് സാംസ്‌ക്കാരിക സദസ്സ് അരങ്ങേറിയത്. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി, പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.എം ആസ്യ , ജനപ്രതിനിധികള്‍, മാനന്തവാടിയിലെ സാംസ്‌ക്കാരിക രംഗത്തെ പ്രമുഖര്‍ , പൊതുജനങ്ങള്‍ തുടങ്ങിയവര്‍ സാംസ്‌ക്കാരിക സദസ്സിന്റെ ആസ്വാദകരായി മാറി. ഇന്നും നാളെയും ഗാന്ധി പാര്‍ക്കില്‍ സാംസ്‌ക്കാരിക സദസ്സുമായി ബന്ധപ്പെട്ട് വിവിധ കലാപ്രകടനങ്ങള്‍ അരങ്ങേറും.