കൊച്ചി: എംപി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ ഈ വര്‍ഷം ഡിസംബറോടെ തീര്‍ക്കാന്‍ ചാലക്കുടി എംപി ഇന്നസെന്റിന്റെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തില്‍ തീരുമാനിച്ചു. ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും നടപടിയെടുക്കണം. ഇതിനായി ബ്ലോക്ക് അടിസ്ഥാനത്തില്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി രണ്ടാഴ്ചയ്ക്കകം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാര്‍ അവലോകന യോഗങ്ങള്‍ നടത്തണമെന്ന് എംപി പറഞ്ഞു. കുടിവെള്ള പദ്ധതികള്‍, ഹൈമാസ്റ്റ് ലൈറ്റുകള്‍ എന്നിവയാണ് യുദ്ധകാലാടിസ്ഥാനത്തില്‍ തീര്‍പ്പാക്കുന്നത്. എറണാകുളം, തൃശൂര്‍ ജില്ലകളിലായി അന്‍പതോളം ഹൈമാസ്റ്റ് ലൈറ്റുകളാണ് ഡിസംബറോടെ സ്ഥാപിക്കുന്നത്.
കൂവപ്പടി ഗ്രാമപഞ്ചായത്തിലെ 27 ലക്ഷം രൂപയുടെ നെടുമ്പാറ കുടിവെള്ള പദ്ധതി, എടത്തല കുര്‍ലാട് പട്ടികജാതി കോളനി (38 ലക്ഷം), മഴുവന്നൂര്‍ പഞ്ചായത്തിലെ വളയന്‍ ചിറങ്ങര (40 ലക്ഷം), തിരുവാണിയൂര്‍ പഞ്ചായത്തിലെ പൊള്ളയില്‍താഴം (40 ലക്ഷം), പൂതൃക്ക പഞ്ചായത്തിലെ ചോയിക്കരമുകള്‍ പട്ടികജാതി കോളനി (23 ലക്ഷം), തൃശൂര്‍ ജില്ലയിലെ തോട്ടത്തില്‍ കടവ് ചെരളക്കുന്ന് (57 ലക്ഷം) എന്നിവയാണ് ഡിസംബറില്‍ പൂര്‍ത്തിയാക്കുന്ന കുടിവെള്ള പദ്ധതികള്‍. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിലെ തുറവൂര്‍ പിഎച്ച്‌സി യുടെ ഒ.പി ബ്ലോക്ക് നിര്‍മ്മാണവും ഈ കാലയളവില്‍ പൂര്‍ത്തിയാക്കും. 20 ലക്ഷം രൂപയുടെ പദ്ധതിയാണ് ഇവിടെ നടപ്പാക്കുന്നത്. തൃശൂര്‍ ജില്ലയിലെ മതിലകം പഞ്ചായത്തിലെ പെരിഞ്ഞനം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 40 ലക്ഷം രൂപയുടെ പദ്ധതിയായ മദര്‍ ആന്റ് ചൈല്‍ഡ് വാര്‍ഡും ഈ വര്‍ഷം നടപ്പാക്കും. വിദ്യാഭ്യാസ രംഗത്തും നിരവധി പദ്ധതികള്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളം ജില്ലയില്‍ പത്തൊന്‍പതും തൃശൂര്‍ ജില്ലയില്‍ മുപ്പത്തിരണ്ടും സ്മാര്‍ട്ട് ക്ലാസ് റൂമുകളാണ് നിര്‍ദേശിച്ചിട്ടുള്ളത്. നിരവധി സ്‌കൂളുകള്‍ക്ക് സ്‌കൂള്‍ ബസുകളും അനുവദിച്ചു.
26.54 കോടി രൂപയുടെ 276 പദ്ധതികളാണ് ഇന്നസെന്റ് എം.പിയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ഇതുവരെ അനുവദിച്ചിരിക്കുന്നത്. ഇതില്‍ 156 പദ്ധതികള്‍ പൂര്‍ത്തിയാക്കി. 14.03 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. പട്ടികജാതി വിഭാഗത്തിനായി 3.05 കോടി രൂപയുടെ പദ്ധതികള്‍ നടപ്പാക്കുകയും 1.64 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. പട്ടിക വര്‍ഗ വിഭാഗത്തിനായി 2 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുകയും 65 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. ആലുവ ജില്ലാ ആശുപത്രി, ചാലക്കുടി, അങ്കമാലി, പെരുമ്പാവൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ സ്തനാര്‍ബുദ നിര്‍ണയ യൂണിറ്റും അതിനോടനുബന്ധിച്ചുള്ള മറ്റ് ഉപകരണങ്ങളുമടങ്ങിയ മാമോഗ്രാം യൂണിറ്റുകള്‍ നല്‍കി. ഇതിനായി ഓരോ ആശുപത്രികള്‍ക്കും 50 ലക്ഷം രൂപ വീതം അനുവദിച്ചു. ചാലക്കുടി, കൊടുങ്ങല്ലൂര്‍ എന്നീ താലൂക്ക് ആശുപത്രികള്‍ക്ക് യഥാക്രമം 70 ലക്ഷം, 43 ലക്ഷം രൂപയുടെ ഡയാലിസിസ് യൂണിറ്റുകളും നല്‍കി. ഏകദേശം 15 ലക്ഷം രൂപയോളം വരുന്ന അള്‍ട്രാ സൗണ്ട് സ്‌കാനിംഗ് യൂണിറ്റുകള്‍ ആലുവ ജില്ലാ ആശുപത്രി, അങ്കമാലി, പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ അനുവദിച്ചു.