കൊച്ചി: ഈ വര്‍ഷം ജില്ലയില്‍ 2795 വിദ്യാര്‍ത്ഥികള്‍ അസാപിന്റെ കീഴില്‍ തൊഴില്‍ പരിശീലനം നേടുന്നുണ്ടെന്ന് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍ നീതു സത്യന്‍ പറഞ്ഞു. കലക്ട്രേറ്റിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന 2017-18 വര്‍ഷത്തെ ജില്ലാ കമ്മിറ്റിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. അസാപിന്റെ കീഴിലുളള പരിശീലന കേന്ദ്രങ്ങളില്‍ ജനറല്‍ വിഭാഗത്തില്‍ പെടുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് ഫീസിളവ് നല്‍കും. വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഫീസിളവ് നല്‍കുന്നത്. ജനറല്‍ വിഭാഗക്കാര്‍ക്ക് മാത്രമാണ് നിലവില്‍ ഫീസ് .
വിദ്യാര്‍ത്ഥികളില്‍ പഠനത്തോടൊപ്പം തൊഴില്‍ നൈപുണ്യവും വളര്‍ത്തുക എന്ന ഉദ്ദേശ്യവുമായി 2012 ലാണ് കേരള ഗവണ്‍മെന്റ് അസാപ് പ്രൊജക്ട് ആരംഭിച്ചത്. അസാപിന്റെ നേതൃത്വത്തില്‍ പൊതു വിഭാഗങ്ങള്‍ക്ക് പരിശീലനം നല്‍കാനായി കളമശ്ശേരിയിലും പെരുമ്പാവൂരിലും ആരംഭിക്കുന്ന കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളുടെ നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കി പ്രവര്‍ത്തനം തുടങ്ങുമെന്ന് അസാപ് പ്രോഗ്രാം സീനിയര്‍ മാനേജര്‍ വര്‍ഗ്ഗീസ് ജോര്‍ജ് പറഞ്ഞു. യോഗത്തില്‍ എ.ഡി.എം എം.കെ.കബീര്‍ ,അസാപ് കോര്‍ഡിനേറ്റര്‍മാര്‍, പ്രധാനധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു.