* വയോജന സംരക്ഷണ പദ്ധതിയിൽ രണ്ടായിരത്തിലേറെപ്പേർ അംഗങ്ങളായി

പനവൂർ പഞ്ചായത്ത് വയോസൗഹൃദ ഗ്രാമമാകുന്നു. പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽപ്പെടുത്തി നടപ്പാക്കുന്ന വയോജന സംരക്ഷണ പരിപാടിയിൽ ഇതിനോടകം 2145 പേർ അംഗങ്ങളായി. അറുപത് വയസിനു മുകളിൽ പ്രായമുള്ളവരുടെ ശാരീരിക, മാനസികോല്ലാസം, ഗാർഹിക പീഡനങ്ങളിൽ നിന്നു സുരക്ഷ, നിയമ പരിരക്ഷ എന്നിവ ഉറപ്പുവരുത്തുകയാണു പദ്ധതിയുടെ ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ എല്ലാ വാർഡുകളിലും വയോജന ക്ലബ്ബുകളും വയോജന സഭകളും രൂപീകരിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വയോജന സഭകളിൽ ആരോഗ്യ പരിശോധനയും രോഗനിർണയവും ചികിത്സയും നൽകുന്നുണ്ട്. വയോജന ക്ലബ്ബുകൾ കേന്ദ്രീകരിച്ചാണു ശാരീരിക, മാനസികോല്ലാസ പരിപാടികൾ. വയോജന സംഗമം, ഉല്ലാസയാത്ര, നേത്ര പരിശോധനാ ക്യാമ്പ്, കണ്ണട വിതരണം, കട്ടിൽ വിതരണം, സർക്കാർ ഓഫിസുകളിൽ പ്രത്യേക ഹെൽപ്പ് ഡെസ്‌ക്, വയോജന സ്വാശ്രയ ഗ്രൂപ്പുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്.

വയോ സൗഹൃദ ഗ്രാമം പദ്ധതിക്കായി നടപ്പു സാമ്പത്തിക വർഷം 10.6 ലക്ഷം രൂപയാണു വകയിരുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 4.1 ലക്ഷം രൂപ ഇതിനായി ചെലവഴിച്ചെന്ന് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എസ്.വി. കിഷോർ പറഞ്ഞു.