*പാലായിവളവ് റഗുലേറ്റര്‍ കം ബ്രിഡ്ജ്  നിര്‍മാണോദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
നാടിനാകെ പ്രയോജനം ലഭിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കാന്‍ ഒരു മുടക്കവും ഉണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ താത്പര്യമെന്ന്  മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കാസര്‍ഗോഡ് നീലേശ്വരം കാര്യംകോട് പുഴയില്‍ നിര്‍മിക്കുന്ന പാലായിവളവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പദ്ധതിയുടെ ഉദ്ഘാടനത്തിന് എത്തിച്ചേരണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും തിരക്കുകള്‍ കാരണമാണ് എത്താന്‍ സാധിക്കാത്തത്. പദ്ധതിയുടെ നിര്‍മാണം ഇപ്പോഴാണ് ഉദ്ഘാടനം ചെയ്യപ്പെടുന്നതെങ്കിലും ആലോചന സംസ്ഥാന രൂപീകരണത്തിനുശേഷം ഇഎംഎസ് സര്‍ക്കാരിന്റെ കാലത്തുതന്നെ തുടങ്ങിയതാണ്. ഇപ്പോഴാണ് ഉദ്ഘാടനം നടത്താന്‍ സാധിച്ചത്. പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ മുന്‍ ജനപ്രതിനിധികള്‍, പ്രത്യേകിച്ച് എംപി പി. കരുണാകരന്‍, മുന്‍ എംഎല്‍എ കെ. കുഞ്ഞിരാമന്‍ തുടങ്ങിയവര്‍ വഹിച്ച പങ്ക്  ഓര്‍മിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
65 കോടി രൂപ ചെലവില്‍ 227 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയുമുള്ള ഡബ്ള്‍ ലൈന്‍ പാലമാണ് ഇവിടെ നിര്‍മിക്കുന്നത്. ഇതില്‍ 61.75 കോടി രൂപ നബാര്‍ഡ് സഹായമാണ്. നീലേശ്വരം മുനിസിപ്പാലിറ്റി, കിനാനൂര്‍-കരിന്തളം, വെസ്റ്റ് എളേരി,  ഈസ്റ്റ് എളേരി, കയ്യൂര്‍ ചീമേനി, ചെറുവത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് ജലസേചനത്തിനും കുടിവെള്ളത്തിനും ഗതാഗത സൗകര്യത്തിനും ഉതകുന്നതാണ് ഈ പദ്ധതി.  കൂടാതെ കടലില്‍നിന്നു കയറുന്ന ഉപ്പുവെള്ളത്തെ പ്രതിരോധിക്കാനും കഴിയും.
പാലായി ഡാങ്കേ കടവില്‍ നിന്നു കയ്യൂര്‍ പൂക്കോട്ടു കടവിലേക്ക് ബൈപാസ് ആയാണ് ഈ പാലം നിര്‍മിക്കുന്നത്. എന്‍എച്ച് 66ല്‍ വര്‍ധിച്ചുവരുന്ന ഗതാഗതത്തിരക്ക് ഒഴിവാക്കുന്നതിന് ഇത് സഹായകമായിരിക്കും. തേജസ്വിനി പുഴയുടെ മനോഹാരിത പ്രയോജനപ്പെടുത്തി മലബാര്‍ ടൂറിസം വികസനം സാധ്യമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിമാരായ മാത്യു ടി. തോമസ്, ഇ. ചന്ദ്രശേഖരന്‍, പി. കരുണാകരന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ, മുന്‍ എംഎല്‍എമാരായ കെ. കുഞ്ഞിരാമന്‍, കെ.പി. സതീഷ് ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.