സാക്ഷരതാ മിഷന്‍ മുഖേന ജില്ലയിൽ നടപ്പാക്കുന്ന തുടര്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രിക കൃഷ്ണൻ. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ധനസഹായത്തോടെ നടപ്പാക്കുന്ന ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ അവലോകന യോഗത്തിലും പുതുവത്സരാഘോഷത്തിലും പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. സാക്ഷരതാ സര്‍വ്വെയിലൂടെ കണ്ടെത്തിയ 4238 പേരാണ് ജനുവരിയിൽ നടക്കുന്ന മികവുത്സവത്തില്‍ പങ്കെടുക്കുന്നത്. സന്നദ്ധ അധ്യാപകരുടെ നേതൃത്വത്തില്‍ 398 പഠന ക്ലാസുകള്‍ ജില്ലയിൽ ആരംഭിച്ചിട്ടുണ്ട്.

മികവുത്സവത്തില്‍ പങ്കെടുത്ത് സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ അനൗപചാരിക രീതിയില്‍ ആറുമാസം പഠനം നടത്തി നാലാം തരം തുല്യത സര്‍ട്ടിഫിക്കറ്റ് നേടാന്‍ അവസരമുണ്ട്. നാലാം തരം യോഗ്യതയുള്ളവര്‍ക്ക് എട്ട് മാസത്തെ പഠനം പൂർത്തിയാക്കി ഏഴാം തരം തുല്യത സര്‍ട്ടിഫിക്കറ്റ് നേടാം. ഏഴാം തരം തുല്യത കരസ്ഥമാക്കുന്നവർക്ക് അവധി ദിവസങ്ങളില്‍ പഠനം നടത്തി പത്താം തരം യോഗ്യത നേടാന്‍ അവസരമുണ്ട്. പത്താം തരം തുല്യത വിജയിച്ചാല്‍ ഹയര്‍ സെക്കൻഡറി തുല്യതാ കോഴ്‌സും തുടര്‍ന്ന് ഡിഗ്രി കോഴ്‌സും ചെയ്യാന്‍ സാധിക്കും.

കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണനെയും വൈസ് പ്രസിഡന്റ് ടി. ഹംസയെയും സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ പി പ്രശാന്ത്കുമാര്‍ പൊന്നാട അണിയിച്ചു. തെരഞ്ഞെടുക്കപ്പട്ടതിന് ശേഷമുള്ള ഇരുവരുടെയും ആദ്യ പൊതു പരിപാടിയായിരുന്നു. വൈസ് പ്രസിഡൻ്റ് ടി.ഹംസ അധ്യക്ഷനായ പരിപാടിയിൽ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബെന്നി ജോസഫ്, അസി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എം.കെ സ്വയ, റിസോഴ്‌സ് പേഴ്‌സണ്‍മാരായ കെ.കെ ചന്ദ്രശേഖരന്‍, ചന്ദ്രന്‍ കെനാത്തി, കെ.വി വത്സല, പ്രേരക്മാരായ മുരളീധരന്‍, ഷാജുമോന്‍, സ്റ്റാഫ് പി.വി.ജാഫര്‍ എന്നിവര്‍ സംസാരിച്ചു.