സംസ്ഥാനസർക്കാരിനും  മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ ആദരാഞ്ജലി അർപ്പിച്ചു

അന്തരിച്ച ജസ്റ്റിസ് ഫാത്തിമ ബീവിക്ക് ഔദ്യോഗികബഹുമതികളോടെ ജന്മനാട് വിടനൽകി. പത്തനംതിട്ട ടൗൺ ഹാളിൽ നടന്ന  പൊതുദർശനത്തിന് ശേഷം പത്തനംതിട്ട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിലായിരുന്നു ഖബറടക്കം. സംസ്ഥാനസർക്കാരിനും മുഖ്യമന്ത്രിക്കും വേണ്ടി ജില്ലാ കളക്ടർ എ. ഷിബു ആദരാഞ്ജലി അർപ്പിച്ചു. ആരോഗ്യമന്ത്രി വീണാജോർജിനു വേണ്ടി ജില്ലാ മെഡിക്കൽ ഓഫീസർ എൽ. അനിതാകുമാരി അന്തിമോപചാരം അർപ്പിച്ചു. സുപ്രീംകോടതിയിലെ ആദ്യ വനിത ജഡ്ജിയായ ഫാത്തിമ ബീവി തമിഴ്നാട് ഗവർണർ, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗം തുടങ്ങി രാജ്യത്തിന്റെ ഔദ്യോഗിക മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

എം.പിമരായ ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ്, ഡെപ്യുട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എംഎൽഎമാരായ അഡ്വ. കെ.യു ജനീഷ് കുമാർ, അഡ്വ. പ്രമോദ് നാരായൺ, ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ, നഗരസഭാ ചെയർമാൻ ടി. സക്കീർ ഹുസൈൻ, എഡിഎം ബി രാധാകൃഷ്ണൻ, മുൻ എംഎൽഎമാരായ രാജു ഏബ്രഹാം, ആർ ഉണ്ണികൃഷ്ണൻ, ജോസഫ് എം പുതുശേരി, മാലേത്ത് സരളാദേവി, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് അഡ്വ. അനന്തഗോപൻ, തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ്ട്രീയപ്രമുഖർ, വിവിധ വകുപ്പുദ്യോഗസ്ഥർ, തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.