സമാനതകളില്ലാത്ത സാമൂഹ്യ ക്ഷേമ പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം. ബി രാജേഷ്. പേരാമ്പ്ര മണ്ഡലത്തിലെ നവകേരള സദസ്സിന് അഭിവാദ്യമർപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് 66 ലക്ഷം പേർക്ക് 57,063 കോടി രൂപ ക്ഷേമ പെൻഷനായി നൽകാൻ സർക്കാരിന് സാധിച്ചു. മുൻ സർക്കാർ നൽകിയ ക്ഷേമപെൻഷന്റെ ആറിരട്ടിയിൽ കൂടുതലാണ് ഈ തുക.
ലൈഫ് പദ്ധതിയിലൂടെ 3,56,108 വീടുകൾ വച്ച് നൽകി. 12,500 വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുകയാണ്. വീട് വെക്കാൻ നാല് ലക്ഷം രൂപയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. ആദിവാസി വിഭാഗങ്ങൾക്ക് ഈ തുക ആറ് ലക്ഷമാണ്. കേരളം നൽകുന്നതിന്റെ പകുതി തുക പോലും മറ്റ് സംസ്ഥാനങ്ങൾ നൽകുന്നില്ല എന്നതാണ് യാഥാർഥ്യം. വീട് എന്നത് ഓരോ വ്യക്തിയുടെയും അവകാശമാണെന്നും ആ വ്യക്തിയുടെ അവകാശത്തിനും അന്തസിനും ആത്മാഭിമാനത്തിനും വില കല്പിക്കുന്ന സംസ്ഥാനമാണ് കേരളമെന്നും മന്ത്രി പറഞ്ഞു.
തൊഴിലുറപ്പ് മേഖലയിൽ സോഷ്യൽ ഓഡിറ്റ് 100 ശതമാനം പൂർത്തിയാക്കിയ രാജ്യത്തെ ഏക സംസ്ഥാനമാണ് കേരളം. ഇന്ത്യയിലാദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്ക് ക്ഷേമനിധി ഏർപ്പെടുത്തിയതും നഗര തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയ സംസ്ഥാനവും കേരളമാണ്.
യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ ആറ് മാസത്തിനിടെ രാജ്യത്ത് നടന്ന 19,646 പി എസ് സി നിയമനത്തിൽ 15,146 നിയമനങ്ങളും കേരളത്തിലാണ്. ദേശീയപാത, മലയോര ഹൈവേ, തീരദേശ ഹൈവേ,ജലപാത എന്നിവയുടെ നിർമ്മാണവും അതിവേഗത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. 2025 ഓടെ ഇവയുടെ നിർമ്മാണം പൂർത്തിയാവും. ദേശീയ ജലപാതയുടെ നിർമ്മാണം പൂർത്തിയാവുന്നതോടെ കേരളത്തിന്റെ മുഖഛായ തന്നെ മാറുമെന്നും അദ്ദേഹം പറഞ്ഞു.