ചേറ്റുവ പുഴയിലേക്ക് കുളവാഴയും ചണ്ടിയും നിക്ഷേപിച്ച സംഭവത്തില് കരാറുകാരനെ ടെര്മിനേറ്റ് ചെയ്യാന് ജില്ലാ വികസന സമിതി യോഗത്തില് തീരുമാനം. എന് കെ അക്ബര് എം എല് എ വിഷയം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇറിഗേഷന് വകുപ്പ് അധികൃതര് തീരുമാനം അറിയിച്ചത്. ചണ്ടി മുഴുവന് പുഴയില് നിക്ഷേപിച്ചതുമൂലം ഉള്നാടന് മത്സ്യത്തൊഴിലാളികള്ക്ക് പ്രയാസം ഉണ്ടാക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഗുരുവായൂര് ഗസ്റ്റ് ഹൗസ് മതില് നിര്മ്മാണവുമായി ബന്ധപ്പെട്ട് നിലനില്ക്കുന്ന കേസ് സംബന്ധിച്ച് ചര്ച്ച നടത്താനും തീരുമാനിച്ചു. ഫിഷറീസ് വകുപ്പിന്റെ ബ്ലാങ്ങാട് ബീച്ച് ഫിഷറീസ് കോളനിയില് അങ്കണവാടി കെട്ടിടത്തിന് അനുമതി നല്കുന്ന വിഷയത്തില് ഉടനെ നടപടി സ്വീകരിക്കാന് എന് കെ അക്ബര് എം എല് എ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്ക്ക് നിര്ദ്ദേശം നല്കി.

വടക്കേക്കളം പ്ലാന്റേഷന് കേസുമായി ബന്ധപ്പെട്ട പ്രശ്‌നപരിഹാരത്തിന് പ്രത്യേക യോഗം ചേരണമെന്ന് സേവ്യര് ചിറ്റിലപ്പിള്ളി എം എല് എ ആവശ്യപ്പെട്ടു. തൃശൂര് കോര്പ്പറേഷന് ചേരി നിര്മാര്ജനത്തിന്റെ ഭാഗമായി പൂളാക്കല് പ്രദേശത്ത് നിര്മ്മിച്ച മൂന്ന് നിലയിലുള്ള നൂറോളം വീടുകള്ക്കായി സ്ഥാപിച്ച വാട്ടര് ടാങ്ക് നിറഞ്ഞ് കവിഞ്ഞൊഴുകുന്ന വിഷയത്തില് പരിശോധന നടത്തി നടപടി വേഗത്തിലാക്കാന് എം എല് എ നിര്ദ്ദേശിച്ചു. വയോമിത്രം പദ്ധതിയുടെ പ്രവര്ത്തനത്തിനായി എം എല് എമാരുടെ ഫണ്ടുകള് വിനിയോഗിച്ച് ജില്ലയ്ക്ക് ആവശ്യമായ വാഹനങ്ങള് ഏര്പ്പെടുത്താന് യോഗം ചര്ച്ച ചെയ്തു.

കലക്ടറേറ്റ് എക്‌സിക്യൂട്ടീവ് ഹാളില് നടന്ന യോഗത്തില് എ ഡി എം ടി മുരളി അധ്യക്ഷനായി. എം എല് എ മാരായ എന് കെ അക്ബര്, കെ കെ രാമചന്ദ്രന്, സേവ്യര് ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റര്, അസിസ്റ്റന്റ് കലക്ടര് കാര്ത്തിക് പാണിഗ്രഹി, മന്ത്രി കെ രാജന്റെ പ്രതിനിധി, രമ്യ ഹരിദാസ് എം എല് എ യുടെ പ്രതിനിധി, വകുപ്പ് ഉദ്യോഗസ്ഥര് തുടങ്ങിയവര് പങ്കെടുത്തു.