നവകേരളം കര്‍മപദ്ധതിയുടെ ഭാഗമായ ലൈഫ്, ഹരിതകേരളം, ആര്‍ദ്രം, വിദ്യാകിരണം മിഷനുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ലാ മിഷന്‍ യോഗം ചേര്‍ന്നു. നവകേരളം കര്‍മ പദ്ധതി സംസ്ഥാന കോര്‍ഡിനേറ്റര്‍ ടി എന്‍ സീമ ഉദ്ഘാടനം ചെയ്തു. ജില്ലാ കലക്ടര്‍ എന്‍ ദേവീദാസ് അധ്യക്ഷനായി.

മിഷന്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണം. ലൈഫ് മിഷന്‍ മുഖേന വീടുകള്‍ നല്‍കിയ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണം. ഹരിത കേരളം മിഷനുമായി ബന്ധപ്പെട്ട മാലിന്യമുക്തം നവകേരളം ക്യാമ്പയിന്‍ സമയബന്ധിതമായി നടപ്പിലാക്കണം. തരിശുരഹിത ഗ്രാമം, ഹരിത സമൃദ്ധി വാര്‍ഡ്, ദേവഹരിതം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി കൃഷിവകുപ്പിനെ പിന്തുണയ്ക്കുന്നത് തുടരും.

പദ്ധതികള്‍ കുറ്റമറ്റരീതിയില്‍ നടത്തുന്നതിന് പ്രത്യേക യോഗംചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

ഓരോ മിഷനുകളുടെയും പ്രവര്‍ത്തനപുരോഗതി, ഭാവിപ്രവര്‍ത്തനങ്ങള്‍, നേരിടുന്നതടസ്സങ്ങള്‍ എന്നിവ ജില്ലാ കോഡിനേറ്റര്‍മാര്‍ അവതരിപ്പിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, മൈനര്‍ ഇറിഗേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍, കുടുംബശ്രീ പ്രോഗ്രാം ഓഫീസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.