പാണാവള്ളി: പ്രദീപിന് ഇത് സ്വപ്ന സാക്ഷാത്കാരം. നിർദ്ധന കുടുംബമായ പാണാവള്ളി പതിനെട്ടാം വാർഡ് വടക്കേ കളത്തിൽ പ്രദീപിനും കുടുംബത്തിനും വീടാകുന്നു. സർക്കാർ ലൈഫ് മിഷൻ പദ്ധതിയിലൂടെ നിർമിക്കുന്ന വീടിന്റെ വാർക്കൽ ചടങ്ങ് കഴിഞ്ഞ സന്തോഷത്തിലാണ് പ്രദീപും കുടുംബവും. ലൈഫ് മിഷൻ പദ്ധതി പ്രകാരം സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വീടുകൾ നിർമിച്ചുനൽകുന്ന പഞ്ചായത്തുകളിൽ ഒന്നാണ് പാണാവള്ളി പഞ്ചായത്ത്. കൂലിപ്പണിക്കാരനായ പ്രദീപും ഭാര്യ ഷീബയും രണ്ടു പെണ്മക്കളും പ്രദീപിന്റെ അമ്മയും ഷീറ്റ് കൊണ്ടുമറച്ച ഒറ്റമുറി ഷെഡിലായിരുന്നു കഴിഞ്ഞിരുന്നത്.
കൂലിപ്പണിയായതിനാൽ വീട് നിർമിക്കാനുള്ള മുഴുവൻ തുകയും കണ്ടെത്താൻ പ്രദീപിന് കഴിഞ്ഞിരുന്നില്ല. ലൈഫ് മിഷൻ വഴിയുള്ള വീട് ഏറ്റവും അർഹനായ വ്യക്തിക്ക് തന്നെ ലഭിക്കുന്നതിൽ അഭിമാനമുണ്ടെന്ന്് പാണാവള്ളി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് രാജേഷ് വിവേകാനന്ദ പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി പാണാവള്ളി ഗ്രാമപ്പഞ്ചായത്തിൽ 340 വീടുകളാണ് നിർമിക്കുന്നത്. 213 വീടുകളുടെ നിർമാണം ആരംഭിച്ചു. ആദ്യഗഡുവായ 40000 രൂപ എല്ലാവർക്കും നൽകി. അടുത്ത ഗഡുവിനായി സർക്കാർ നിർദേശ പ്രകാരം ഹഡ്‌കോയുമായി കരാറിൽ ഒപ്പുവെച്ചു.