ഇടുക്കി മെഡിക്കല്‍ കോളെജ് അക്കാദമിക് ബ്ലോക്കിന്റെ നിര്‍മാണ
പ്രവര്‍ത്തനങ്ങള്‍ നവംബര്‍ 15നകം പൂര്‍ത്തിയാക്കുന്നതിന് ജില്ലാ കളക്ടര്‍
ജീവന്‍ബാബു.കെ യുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം
തീരുമാനിച്ചു. നിലവില്‍ 90 ശതമാനത്തോളം പൂര്‍ത്തിയായ അക്കാദമിക്
ബ്ലോക്കിന്റെ ശേഷിക്കുന്ന നിര്‍മാണങ്ങളും ഇന്റീരിയര്‍ ജോലികളും
ഒരുമാസത്തിനകം പൂര്‍ത്തീകരിച്ച് സജ്ജമാക്കുന്നതിന് നിര്‍മാണ ഏജന്‍സിയായ
കിറ്റ്‌കോയ്ക്ക് യോഗം നിര്‍ദേശം നല്‍കി. ഈ ബ്ലോക്കിലേക്കുള്ള
ഫര്‍ണിച്ചര്‍ വാങ്ങുന്നതിന് ഭരണാനുമതി വാങ്ങി പ്രത്യേകമായി ടെണ്ടര്‍
ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാനും യോഗം നിര്‍ദേശം നല്‍കി.
ആശുപത്രി ബ്ലോക്കിന്റെ നിര്‍മാണം ഡിസംബര്‍ 15നകം പൂര്‍ത്തീകരിക്കുന്ന
വിധം പ്രവൃത്തികള്‍ ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. അടുത്ത
അവലോകനയോഗം ഈ മാസം 30ന് ചേരും. യോഗത്തില്‍ അഡ്വ.ജോയ്‌സ് ജോര്‍ജ് എം.പി,
ജില്ലാ കളക്ടര്‍ കെ.ജീവന്‍ബാബു, ആരോഗ്യവകുപ്പ് മന്ത്രിയുടെ സ്‌പെഷ്യല്‍
പ്രൈവറ്റ് സെക്രട്ടറി ഡോ.കെ.ഗോപകുമാര്‍, പ്രിന്‍സിപ്പല്‍ ഡോ.പി.പി
മോഹനന്‍, ഡി.എം.ഒ ഡോ.എന്‍.പ്രിയ, ഡോ.സുജിത് സുകുമാരന്‍, ഷാലിമാര്‍
എം.എസ്, സുഷകുമാരി പി.എസ് (കിറ്റ്‌കോ), ബ്ലോക്ക് പഞ്ചായത്ത് അംഗം വി.എ
ജോര്‍ജ്, തഹസില്‍ദാര്‍ എസ്.ശ്രീജിത്, ബില്‍ഡിങ് വിഭാഗം അസി.എന്‍ജിനീയര്‍
പ്രസാദ് സി.കെ, ഐ.ടി.ഡി.പി എ.പി ഒ അനില്‍ ഭാസ്‌കര്‍, കെ.കെ ചന്ദ്രദാസ്,
എം.കെ റഷീദ് തുടങ്ങിയവര്‍ പങ്കെടുത്തു.