വിവിധ വകുപ്പുകള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സര്‍ക്കാരിലേക്ക് സമാഹരിച്ച വിവിധ നികുതിയിനങ്ങളും മറ്റു വരവുകളും വയനാട് ജില്ലാ കളക്ടര്‍ എ.ആര്‍ അജയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അവലോകനം ചെയ്തു. കൂടാതെ റവന്യൂ റിക്കവറി നടപടികളുടെ പുരോഗതിയും ചര്‍ച്ച ചെയ്തു. പ്രളയ പശ്ചാത്തലത്തില്‍ മുന്‍ വര്‍ഷം ഇതെ കാലയളവില്‍ സമാഹരിച്ച തുകയേക്കാള്‍ കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നതെന്ന് യോഗം വിലയിരുത്തി. മുന്‍ക്കാലങ്ങളെ അപേക്ഷിച്ച് സമാഹരണം ഗണ്യമായി കുറഞ്ഞ വകുപ്പുകളോട് കാരണം കണ്ടെത്തി അറിയിക്കാനും കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എക്‌സൈസ് വകുപ്പ് സമാഹരിക്കാന്‍ ലക്ഷ്യമിട്ട തുകയുടെ 54.06 ശതമാനവും നോര്‍ത്ത് വയനാട് ഡി.എഫ്.ഒ 20.58 ശതമാനവും ആര്‍.ടി.ഒ 42.37 ശതമാനവും സുല്‍ത്താന്‍ ബത്തേരി വൈല്‍ഡ് ലൈഫ് 36.07 ശതമാനവും ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) 49.20 ശതമാനവും ഈ വര്‍ഷം സെപ്റ്റംബര്‍ വരെ സമാഹരിച്ചിട്ടുണ്ട്. ജില്ലയിലെ മൂന്നു താലൂക്കുകളിലും റവന്യൂ റിക്കവറിയുമായി ബന്ധപ്പെട്ടു സര്‍ക്കാരിനു ലഭിക്കേണ്ട തുകയിലാണ് വളരെ കുറവ്. മാനന്തവാടി താലൂക്കില്‍ ഇതുവരെ സമാഹരിക്കാന്‍ കഴിഞ്ഞത് ലക്ഷ്യത്തിന്റെ 22.50 ശതമാനവും സുല്‍ത്താന്‍ ബത്തേരി താലൂക്കില്‍ 25.46 ശതമാനവുമാണ്. ഏറ്റവും കുറവ് 13.07 ശതമാനം കൈവരിച്ച വൈത്തിരി താലൂക്കിലാണ്. റവന്യൂ റിക്കവറിയിലൂടെ (ആര്‍.ആര്‍) ലഭിക്കേണ്ട നികുതി വരുമാനം താലൂക്കുകളില്‍ കുറഞ്ഞ സാഹചര്യം പരിശോധിക്കാനും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂനികുതിയിനത്തില്‍ (എല്‍.ആര്‍) മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, വൈത്തിരി താലൂക്കുകള്‍ യഥാക്രമം 92.21, 102.95, 74.37 ശതമാനം കൈവരിച്ചു. ജി.എസ്.ടി നിലവില്‍ വന്ന പശ്ചാത്തലത്തില്‍ സെയില്‍സ് ടാക്‌സ് വകുപ്പിന് വിഭവസമാഹരണത്തിന് ഇത്തവണ പ്രത്യേക ലക്ഷ്യമൊന്നും നല്‍കിയിരുന്നില്ല. പൊതുവെ ഏറ്റവും കൂടുതല്‍ നികുതി വരുമാനം സര്‍ക്കാരിനു ലഭിക്കുന്ന സെയില് ടാക്‌സ് വകുപ്പിന്റെ സമാഹരണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 73.12 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ സ്വഭാവികതയിലെത്താന്‍ മൂന്നുമാസം കൂടി വേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് സോഷ്യല്‍ ഫോറസ്ട്രി വകുപ്പിന്റെ വിഭവസമാഹരണത്തിലും 30.95 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ലക്ഷ്യത്തേക്കാള്‍ കൂടുതല്‍ തുക സമാഹരിച്ചിരിക്കുന്നത് സൗത്ത് വയനാട് ഡി.എഫ്.ഒയും ജില്ലാ ലോട്ടറി ഓഫിസുമാണ്.
താലൂക്കുകളിലെ വിവിധ വില്ലേജുകളിലെ റവന്യൂറിക്കവറി നടപടികളും യോഗം പരിശോധിച്ചു. വില്ലേജ് ഓഫിസുകളില്‍ ആവശ്യമെങ്കില്‍ വര്‍ക്കിംഗ് അറേജില്‍ ജീവനക്കാരെ നിയമിക്കാനും നിര്‍ദ്ദേശം നല്‍കി. വെള്ളപ്പൊക്കത്തില്‍ കാര്യമായ നഷ്ടം സംഭവിച്ചവരുടെ കേസുകളില്‍ ഇളവാകാമെന്നും അല്ലാത്ത കേസുകള്‍ സ്വാഭാവിക രീതിയില്‍ മുന്നോട്ടു പോകമെന്നും യോഗം തീരുമാനിച്ചു. നിയമപരമായ പിരിച്ചെടുക്കേണ്ട തുക എത്രയും വേഗം സമാഹരിക്കണമെന്നും അതിനായി വിട്ടുവീഴ്ച വേണ്ടെന്നും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.