ജനാധിപത്യ ചരിത്രത്തിൽ ഒരു പുതിയ തുടക്കമാണ് നവകേരള സദസ്സ് കുറിക്കുന്നതെന്നും പൊതുജനങ്ങളുടെ പരാതികൾക്കും ആവലാതികൾക്കും ശാശ്വതമായ പരിഹാരം ഉറപ്പാക്കുമെന്നും ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. വേങ്ങര നിയോജക മണ്ഡലത്തിലെ നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സാധാരണ മനുഷ്യരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ അറിയുന്നതിനാണ് സംസ്ഥാന മന്ത്രിസഭ ജനങ്ങളിലേക്ക് എത്തുന്നത്. ഇവിടെ ലഭിക്കുന്ന നിവേദനങ്ങളിൽ ജില്ലാതലത്തിൽ ഉണ്ടാകേണ്ട പരിഹാരമാണെങ്കിൽ 15 ദിവസത്തിലും സംസ്ഥാനതലത്തിൽ വേണ്ട തീരുമാനം ആണെങ്കിൽ 45 ദിവസത്തിൽ തീർപ്പാക്കി ശാശ്വത പരിഹാരം ഉറപ്പാക്കും.

വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന തീവ്രയജ്ഞമാണ് സർക്കാർ ആദ്യഘട്ടത്തിൽ നടത്തിയത്. തുടർന്ന് പരാതി പരിഹാര അദാലത്തും മേഖലാ അവലോകന യോഗങ്ങളും നടത്തി. കേരളത്തെ പിന്നോട്ടടിപ്പിക്കുന്ന അവസ്ഥയിൽ നിന്ന് മോചിപ്പിക്കാൻ പ്രത്യേക മിഷനുകൾ ആവിഷ്‌കരിച്ചു. സാധാരണക്കാർ സർക്കാർ ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും കൂടുതലായി ആശ്രയിക്കുന്നു.

ഹൃദ്രോഗമുള്ള കുഞ്ഞുങ്ങൾക്കായി ഹൃദ്യം പദ്ധതി വഴി 6700 ലധികം കുഞ്ഞുങ്ങളെ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. മലപ്പുറം ജില്ലയിലാണ് കൂടുതൽ കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയത്- 1578. കൂടാതെ, എസ്.എം.എ പോലുള്ള അപൂർവ രോഗങ്ങൾക്കായി പ്രത്യേക ചികിത്സാ പദ്ധതികളും തുടങ്ങി. ആറു മാസത്തിൽ കേരളത്തിലെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് യൂണിറ്റ് സജ്ജമാക്കും. രണ്ട് ആരോഗ്യ കേന്ദ്രങ്ങളുടെ നിർമാണം കൂടി പൂർത്തിയായാൽ സമ്പൂർണമായും എല്ലാ ആരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളുള്ള ആദ്യ നിയോജക മണ്ഡലമാകും വേങ്ങര.

തീരദേശ, മലയോര ഹൈവേ, നാഷണൽ ഹൈവേ എന്നിവയുടെ നിർമ്മാണം അതിവേഗം പുരോഗമിക്കുകയാണ്. കൃഷി അഭിവൃദ്ധിപ്പെടുത്തുന്നതിനായി തരിശുപാടങ്ങൾ കൃഷിയോഗ്യമാക്കുന്ന പദ്ധതിക്ക് തുടക്കമിട്ടു. അതിദാരിദ്ര്യ നിർമാർജനം നടത്തുന്നതിനുള്ള പ്രവർത്തികൾ ഊർജിതമായി നടക്കുന്നു. കഴിഞ്ഞ ഏഴര വർഷമായി തുടർച്ചയായി 13 ഇനം അവശ്യസാധനങ്ങൾ ഒരേ നിരക്കിൽ നൽകിവരുന്ന സംസ്ഥാനമാണ് കേരളം. നിരന്തരം ആശയവിനിമയത്തിലൂടെയും അഭിപ്രായ സ്വരൂപണത്തിലൂടെയും നവകേരളം സൃഷ്ടിക്കുകയാണ് സർക്കാരെന്നും മന്ത്രി വ്യക്തമാക്കി.