കേരളത്തിന് അവകാശപ്പെട്ട, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽകാതെ തടഞ്ഞുവെക്കുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി പോരാടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബാഹ് സ്‌ക്വയറിൽ നടന്ന വേങ്ങര മണ്ഡലം നവകേരള സദസ്സിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

അർഹതപ്പെട്ട ഗ്രാൻഡുകളും ധനസഹായങ്ങളും ഒന്നും ലഭിക്കുന്നില്ല. നാടിനെ തളർത്തുന്ന ഒന്നിനേയും പ്രോത്സാഹിപ്പിക്കാൻ ആവില്ല. എല്ലാ സർക്കാർ പരിപാടികൾ ബഹിഷ്‌കരിക്കുന്ന നയവും ശരിയല്ല. നാടിന്റെ ഭാവിയുമായി ബന്ധപ്പെട്ട വിഷയത്തിൽ നിഷേധാത്മക നിലപാട് എടുക്കുന്നതിന്റെ ഔചിത്യം പൊതുജനങ്ങൾ വിലയിരുത്തേണ്ടതാണ്.

2011- 16 കാലത്തെ സർക്കാർ ഭരണം അവസാനിക്കുമ്പോൾ ധനകമ്മി, റവന്യൂ കമ്മി എന്നിവ ഉയർന്ന നിലയിലേക്ക് എത്തിച്ചു. പതിനായിരം കോടി രൂപയുടെ ബാധ്യതയാണ് വരുത്തിവച്ചത്. ഇതിലൂടെ അധികവായ്പ എടുക്കാനുള്ള അവകാശവും നിഷേധിക്കപ്പെട്ടു. ബജറ്റിൽ നീക്കിവെക്കാത്ത പദ്ധതികളും ഏറ്റെടുത്ത് ബാധ്യത ഉണ്ടാക്കി. ഇങ്ങനെ തകർന്ന് കിടക്കുന്ന അവസ്ഥയിൽ നിന്നാണ് ഒന്നാം പിണറായി സർക്കാർ നാടിനെ മുന്നോട്ട് നയിച്ചത്.

കേരളത്തിന്റെ പുരോഗതിക്ക് അടിസ്ഥാനമായ ഒട്ടേറെ അഭിമാന പദ്ധതികൾ സാക്ഷാത്കരിച്ചു. ദേശീയപാത വികസനം നല്ല രീതിയിൽ മുന്നോട്ടു പോകുന്നു. ഗെയിൽ പൈപ്പ്ലൈൻ, ഇടമൺ-കൊച്ചി പവർ ഹൈവേ, ജല മെട്രോ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി, സയൻസ് പാർക്ക് എന്നിവ എല്ലാം യഥാർത്ഥ്യമാക്കി. സംസ്ഥാന സർക്കാരിനെ അപകീർത്തിപ്പെടുത്തുന്ന ഒരു പ്രചാരണവും ജനങ്ങൾ വിശ്വാസത്തിൽ എടുത്തില്ല. പൂർണ്ണപിന്തുണയാണ് പൊതുജനങ്ങൾ നൽകുന്നത്- മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

സംഘാടക സമിതി ചെയർമാൻ മുസ്തഫ കടമ്പോട്ട് അധ്യക്ഷനായി. മന്ത്രിമാരായ വീണാ ജോർജ്, എ.കെ ശശീന്ദ്രൻ, കെ. രാജൻ തുടങ്ങിയവർ സംസാരിച്ചു. വേങ്ങര മണ്ഡലം നോഡൽ ഓഫീസറും വിദ്യാഭ്യാസ ഉപഡയറക്ടറുമായ കെ.പി രമേശ് കുമാർ സ്വാഗതവും തിരൂരങ്ങാടി തഹസിൽദാർ പി.ഒ സാദിഖ് നന്ദിയും പറഞ്ഞു.