നവകേരളം കര്‍മ്മ പദ്ധതി ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തില്‍ നീരുറവ്, കബനിക്കായ് വയനാട് ക്യാമ്പയിനുകളുടെ ഭാഗമായുള്ള നീര്‍ച്ചാല്‍ പുനരുജ്ജീവനം പദ്ധതി കോട്ടത്തറ പഞ്ചായത്തില്‍ തുടങ്ങി. കോട്ടത്തറ ചെറുകണകുന്ന് തോടില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് പി.പി റെനീഷ് ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍ എം.കെ മുരളീധരന്‍ അധ്യക്ഷത വഹിച്ചു. ജില്ലയില്‍ ജല സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിവിധ വകുപ്പുകളെയും ഏജന്‍സികളെയും ഏകോപിപ്പിച്ച് വരള്‍ച്ചയെ നേരിടാന്‍ സമഗ്രവും ശാസ്ത്രീയവുമായ മുന്നൊരുക്കങ്ങള്‍ നടത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം. കോട്ടത്തറ പഞ്ചായത്തിലെ ചെറുകണകുന്ന് തോടാണ് പദ്ധതിയുടെ ഭാഗമായി പുനരുജീവനത്തിനായി തിരഞ്ഞെടുത്തത്. 1.5 കിലോമീറ്റര്‍ നീളവും 3 മീറ്റര്‍ വീതിയുമുള്ള തോടാണ് ചെറുകണകുന്ന്.
സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പയിന്റെ ഭാഗമായി കോട്ടത്തറഗ്രാമ പഞ്ചായത്തിലും മാപ്പത്തോണ്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. മാപ്പിംഗ് നടത്തിയ തോടുകളില്‍ ഒന്നാണ് ചെറുകണകുന്ന് തോട്. തൊഴിലുറപ്പ് പദ്ധതി എ ഇ പി എ അബ്ദുല്‍ സലീം, ഓവര്‍സിയര്‍ പി എച്ച് സവിത, നവകേരളം കര്‍മ്മ പദ്ധതി ഇന്റേണ്‍ വി.കെ മുബഷിറ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പ്രവര്‍ത്തകര്‍, ഉദ്യോഗസ്ഥര്‍, പ്രദേശവാസികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.