മീനങ്ങാടി ഗ്രാമ പഞ്ചായത്തിലെ കാപ്പിക്കുന്ന് ഗ്രാമത്തെ ആരോഗ്യ ഗ്രാമമായി മാറ്റുന്നതിനായി വൊളന്റിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. മീനങ്ങാടി സി.എച്ച്.സി. കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിശീലന പരിപാടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി ദിനീഷ് ഉദ്ഘാടനം ചെയ്തു. ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജി അധ്യക്ഷത വഹിച്ചു.
ഗ്രാമത്തിനകത്ത് താമസിക്കുന്ന മനുഷ്യനും മൃഗങ്ങളുമടക്കുള്ള മുഴുവന്‍ ജീവജാലങ്ങളുടേയും ആരോഗ്യ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനുള്ള പരിശീലന പരിപാടിയാണ് ആസൂത്രണം ചെയ്യുന്നതെന്ന് ഡി.എം.ഒ. ഡോ പി ദിനീഷ് പറഞ്ഞു.

ഒരു വീട്ടില്‍ ഒരാളെങ്കിലും ഫസ്റ്റ് എയിഡ്, പാലിയേറ്റീവ് പരിചരണം എന്നിവ നല്‍കാന്‍ കഴിയുന്ന വളണ്ടിയര്‍മാരുള്ള, പച്ചക്കറി സ്വയംപര്യാപ്തത കൈവരിച്ചിട്ടുള്ള വീടുകളുള്ള ഗ്രാമമായി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും ഡി.എം.ഒ കൂട്ടിചേര്‍ത്തു. കാപ്പിക്കുന്ന് ഗ്രാമത്തിലെ 584 വീടുകളെ 25 മുതല്‍ 50 വരെ വീടുകളടങ്ങുന്ന 12 ക്ലസ്റ്റുകളാക്കി തിരിച്ച്, ഒരു ക്ലസ്റ്ററില്‍ നിന്നും 5 വളണ്ടിയേഴ്‌സിനെ തിരഞ്ഞെടുത്താണ് പരിശീലനം നല്‍കിയത്. റിട്ടയേര്‍ഡ് ടെക്‌നിക്കല്‍ അസിസ്റ്റന്റ് കെ.കെ.ചന്ദ്രശേഖരന്‍ ക്ലാസ്സ് എടുത്തു.

മീനങ്ങാടി പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ എ.പി ലൗസണ്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.എന്‍ ഗീത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഒ.എസ് സജീവ് തുടങ്ങിയര്‍ സംസാരിച്ചു. എപ്പിഡമോളജിസ്റ്റ് ഡോ.വിപിന്‍, ജെ.പി എച്ച് എന്‍ പ്രവീണ, ജെ.എച്ച് ഐ നിഷ, ആശപ്രവര്‍ത്തകരായ ഷീബ, രജനി എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാപ്പിക്കുന്ന് വാര്‍ഡിലെ എ.ഡി.എസ് അംഗങ്ങള്‍, യുവജന സംഘടനാ പ്രതിനിധികള്‍, എന്‍.സി.സി, എസ്.പി സി, എന്‍എസ്.എസ്, പിയര്‍ എഡ്യുകേറ്റര്‍മാരായ വിദ്യാര്‍ത്ഥികള്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.