നവകേരള സദസിനെതിരേ അപവാദങ്ങളും വിവാദങ്ങളും പ്രചരിപ്പിക്കുന്നതിന് കോട്ടക്കൽ ആര്യവൈദ്യശാലയിൽപ്പോലും മരുന്നില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങളുടെ പരാതികൾക്ക് പരിഹാരം കാണാനും നാടിന്റെ വികസനം സംബന്ധിച്ച് ജനങ്ങളുമായി ആശയവിനിമയം നടത്താനുമാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നത്. ഇത് മനസിലാക്കാതെയാണ് പരിപാടി ബഹിഷ്കരിക്കുന്നവരുടെ പ്രവർത്തനം.

രാജ്യത്തിന് മാതൃകയാകുന്ന പ്രവർത്തനങ്ങളാണ് കേരളം നടത്തുന്നത്. ബദൽ സാധ്യതകൾ പ്രയോജനപ്പെടുത്തിയുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാവരുടെയും സർക്കാരാണ് കേരളത്തിൽ ഇന്നുള്ളത്. വിദ്യാഭ്യാസ, ആരോഗ്യ രംഗങ്ങളിൽ വലിയ പുരോഗതിയാണുണ്ടായിരിക്കുന്നത്. വിദ്യാലയങ്ങളുടെ സൗകര്യം വർധിപ്പിച്ചതോടെ സർക്കാർ സ്കൂളുകളിൽ നിന്നും കൊഴിഞ്ഞ് പോക്ക് ഇല്ലാതായി.

ഉന്നത വിദ്യാഭ്യാസ രംഗത്ത് കൂടുതൽ പ്രാധാന്യം സർക്കാർ നൽകുന്നു. കേരളത്തിലെ സർവകലാശാലകളിൽ വിദേശത്ത് നിന്നുള്ള വിദ്യാർഥികളും പഠിക്കാനെത്തുന്നുണ്ട്. വ്യവസായ മേഖലയും ഏറെ മെച്ചപ്പെട്ടു. സാമ്പത്തിക പ്രയാസത്തിനിടയിലും കേരളത്തോട് നിഷേധാത്മക നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. മലപ്പുറം ജില്ലയിൽ 5987 കോടി രൂപയുടെ കുടിവെള്ള പദ്ധതിയാണ് നടപ്പാക്കുന്നത്. കോട്ടക്കലിൽ 256 കോടി രൂപയുടെ പദ്ധതിയും നടപ്പാക്കുന്നു. കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയായ ജൽ ജീവൻ മിഷൻ വഴി എല്ലാ വീടുകളിലും കുടിവെള്ളമെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മന്ത്രി പറഞ്ഞു.