കേരളത്തിലെ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പാക്കുന്ന വിപുലമായ പദ്ധതികൾക്ക് കരുത്ത് പകരുന്നത് വകുപ്പിന് കീഴിലുള്ള നാല് കോർപറേഷനുകളാണ്. ഈ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിലൂടെ ആയിരക്കണക്കിന് ഗുണഭോക്താക്കൾക്കാണ് ജീവിതത്തിൽ വലിയ മാറ്റങ്ങൾ സാധ്യമായത്.
🔸പിന്നാക്ക വിഭാഗ വികസന കോർപറേഷൻ:
പിന്നാക്ക വിഭാഗ വികസന കോർപറേഷൻ (BCDC) അതിന്റെ പ്രവർത്തന മൂലധനം 150 കോടി രൂപയിൽ നിന്ന് 200 കോടി രൂപയായി വർദ്ധിപ്പിച്ച്, കൂടുതൽ തുക കേന്ദ്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ലഭ്യമാക്കി റെക്കോർഡ് നേട്ടങ്ങൾ കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 59,348 പേർക്കായി 815 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്യുകയും, 857 കോടി രൂപയുടെ തിരിച്ചടവ് നേടുകയും ചെയ്തു. രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഇതുവരെ 3,64,545 ഗുണഭോക്താക്കൾക്കായി 3643 കോടി രൂപയുടെ വായ്പകളാണ് കോർപ്പറേഷൻ മുഖേന നൽകിയത്. ഇതിൽ കുടുംബശ്രീയുടെ സി.ഡി.എസ്. മുഖേന 1,75,271 കുടുംബശ്രീ അംഗങ്ങൾക്കായി 1052.58 കോടി രൂപയുടെ വായ്പകളും ഉൾപ്പെടുന്നു.

സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപറേഷൻ:
കഴിഞ്ഞ സാമ്പത്തിക വർഷം 1837 ലക്ഷം രൂപയുടെ വായ്പാ വിതരണവും 1461 ലക്ഷം രൂപയുടെ തിരിച്ചടവും നേടാൻ ഈ കോർപറേഷന് സാധിച്ചു. വിദ്യാഭ്യാസ ഗ്രാന്റുകൾ, വിവിധ വായ്പകൾ, തൊഴിലധിഷ്ഠിത പരിശീലനങ്ങൾ തുടങ്ങി വ്യത്യസ്തമായ പദ്ധതികളാണ് കോർപറേഷൻ മുഖേന നടത്തിവരുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷം 1180 വിദ്യാർത്ഥികൾക്കായി 42.32 ലക്ഷം രൂപ വിദ്യാഭ്യാസ പ്രോത്സാഹനമായും വിതരണം ചെയ്തു.
🔸പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപറേഷൻ:
പട്ടികവിഭാഗത്തിന്റെ ഉന്നമനത്തിനായി സ്ഥാപിതമായ പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ, സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മൂലധന സഹായം, വീട്, വിദ്യാഭ്യാസം, പെൺമക്കളുടെ വിവാഹം തുടങ്ങിയ ആവശ്യങ്ങൾ നിറവേറ്റാനുതകുന്ന വായ്പകളാണ് നൽകി വരുന്നത്.
കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് 480.60 കോടി രൂപ വിവിധ ഗുണഭോക്താക്കൾക്ക് വായ്പയായി വിതരണം ചെയ്തു. ഇതിൽ 436.30 കോടി രൂപയുടെ തിരിച്ചടവും ലഭിച്ചു. വായ്പാപദ്ധതികളിലെ തിരിച്ചടവിന് 70 ശതമാനം വരെ പലിശയിളവ് നൽകി പ്രത്യേക പദ്ധതികളും നടപ്പാക്കുന്നത് ഗുണഭോക്താക്കൾക്ക് വലിയ ആശ്വാസമാണ്. വിവിധ പ്രവർത്തനങ്ങളിലൂടെ കോർപറേഷന്റെ ലാഭം 7 കോടിയോളം രൂപയായി വർധിച്ചു.
🔸കളിമൺപാത്ര നിർമ്മാണ വിപണന വികസന ക്ഷേമ കോർപറേഷൻ:
കളിമൺപാത്ര നിർമ്മാണ മേഖലയടക്കമുള്ള പരമ്പരാഗത തൊഴിൽമേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാനാണ് കളിമൺ പാത്ര നിർമ്മാണ വിപണന വികസനക്ഷേമ കോർപ്പറേഷൻ്റെ പ്രവർത്തനം. കളിമൺ തൊഴിലാളികൾ അധിവസിക്കുന്ന കുംഭാര നഗറുകളുടെ സമഗ്ര വികസനത്തിനായി അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ (വർക്ക് ഷെഡ്, ചൂള, കമ്മ്യൂണിറ്റി ഹാൾ, റോഡ്, കുടിവെള്ള പദ്ധതി തുടങ്ങിയവയുടെ നിർമാണം) കോർപ്പറേഷന്റെ സഹായത്തോടെ തുടരുന്നുണ്ട്.
ഈ നാല് കോർപറേഷനുകളിലൂടെയും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക ഉന്നമനത്തിന് ഊന്നൽ നൽകി സമഗ്രവികസനം ഉറപ്പാക്കുകയാണ് സർക്കാർ.
കരുത്തോടെ കേരളം- 97