ദേശീയപാത സ്ഥലമെടുപ്പിൽ ഏറ്റവുമധികം തുക വിതരണം ചെയ്തത് മലപ്പുറം ജില്ലയിലാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 1,30,000 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് ദേശീയപാത 66 ന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടക്കുന്നത്. കാസർകോഡ് മുതൽ പാറശാല വരെ ആറു മണിക്കൂറിൽ എത്താൻ കഴിയുന്ന വിധത്തിൽ റോഡ് വികസിക്കുകയാണ്. ദേശീയ പാതയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വലിയ സമരങ്ങൾ മലപ്പുറം ജില്ലയിൽ നടന്നു. ഏറ്റവും നല്ല സാമ്പത്തിക പാക്കേജ് നൽകിയപ്പോൾ സ്ഥലമെടുപ്പ് അനായാസം പൂർത്തിയായി. ആറുവരിപ്പാത രണ്ടുവർഷത്തിനകം നിർമ്മാണം പൂർത്തിയാകും. മലയോര ഹൈവേയും തീരദേശ ഹൈവേയും ജില്ലയിലൂടെ കടന്നുപോകുന്നു.
തുക മാറ്റിവെച്ചിട്ടും കേന്ദ്ര സർക്കാർ പിന്നോട്ട് പോയതിനാലാണ് കോഴിക്കോട് വിമാനത്താവളത്തിന്റെ വികസനം സാധ്യമാകാത്തത്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള സ്ഥലമാണ് കേരളം.
എല്ലാ മേഖലകളിലും സമഗ്ര മാറ്റങ്ങൾ സാധ്യമാക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന്റെ ആളോഹരി വരുമാനം വർധിച്ചു. മെച്ചപ്പെട്ട ജീവിത നിലവാരമുള്ള സംസ്ഥാനമായി കേരളം മാറി. ശാസ്ത്ര സാങ്കേതിക മേഖലയിലും കേരളം മുന്നേറുകയാണ്. നവകേരള സദസ്സിനെത്തുന്ന ജനക്കൂട്ടം സംസ്ഥാന സർക്കാരിന്റെ വികസന നയങ്ങൾക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.