ഏഴ് കേര ഗ്രാമങ്ങൾ കൂടി മലപ്പുറം ജില്ലയിൽ ആരംഭിക്കുമെന്ന് മന്ത്രി പി. പ്രസാദ്. കോട്ടക്കൽ ആയുർവേദ കോളേജ് മൈതാനത്ത് നടന്ന കോട്ടക്കൽ
മണ്ഡലം നവകേരള സദസ്സിനെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി.

69 കേരഗ്രാമങ്ങളാണ് ജില്ലയിലുള്ളത്. മലപ്പുറത്തെ ഒരു മണ്ഡലത്തെയും പദ്ധതിയിൽ നിന്ന് മാറ്റി നിർത്തിയിട്ടില്ല. 43 നാളികേര സംഭരണ കേന്ദ്രങ്ങൾ ജില്ലയിലുണ്ട്. എവിടെയെങ്കിലും സംഭരണ കേന്ദ്രങ്ങൾ ആവശ്യമുണ്ടെങ്കിൽ അറിയിച്ചാൽ കേന്ദ്രം ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷിക്കൂട്ടങ്ങളുള്ളത് മലപ്പുറം ജില്ലയിലാണ്. 4006 കൃഷിക്കൂട്ടങ്ങളാണ് ഇവിടെയുള്ളത്. 18 ഫാർമേഴ്സ് ഓർഗനൈസേഷനുകളും മലപ്പുറത്തുണ്ട്. പ്രശസ്തമായ തിരൂർ വെറ്റിലയുമായി ബന്ധപ്പെട്ട് കൃഷി വകുപ്പ് പ്രത്യേക പദ്ധതി നടപ്പാക്കുന്നുണ്ട്. കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ 108 ഉത്പന്നങ്ങളാണ് മലപ്പുറത്ത് നിന്ന് ഉത്പാദിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു.