സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ദീപ്തി ബ്രെയില്‍ സാക്ഷരത സര്‍വ്വേ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു.

നിരക്ഷരരായ കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് ബ്രെയില്‍ ലിപിയില്‍ അടിസ്ഥാന വിദ്യാഭ്യാസം ഒരുക്കുക, അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, കലാപരമായ കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള വേദി ഒരുക്കുക, തൊഴില്‍ അവസരങ്ങള്‍, സാധ്യതകള്‍ സൃഷ്ടിക്കുക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യം. ബ്രെയില്‍ ലിപി പഠിക്കാന്‍ താല്‍പ്പര്യമുള്ളവരുടെ വിവര ശേഖരണമാണ് സര്‍വ്വേയിലൂടെ നടത്തുന്നത്. തുടര്‍ന്ന് നാല് ബ്ലോക്ക് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പഠന കേന്ദ്രങ്ങള്‍ ആരംഭിക്കും. ബ്രെയില്‍ ലിപിയില്‍ പരിശീലനം നല്‍കാനുള്ള ഇന്‍സ്ട്രക്ടര്‍മാരെ പദ്ധതിയുടെ ഭാഗമായി കണ്ടെത്തും. ഡിസംബര്‍ മുതല്‍ മാര്‍ച്ച് വരെ നീണ്ടു നില്‍ക്കുന്ന പഠനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് മികവുത്സവം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.

പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീതാ വിജയന്‍, വാര്‍ഡ് മെമ്പര്‍ മീനാക്ഷി രാമന്‍, ആരോഗ്യ കേരളം ഡി.പി.എം ഡോ.സമീഹ സൈതലവി, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി.വി ശാസ്ത പ്രസാദ്, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.എം കൃഷ്ണന്‍, കേരള ഫെഡറേഷന്‍ ഓഫ് ദ ബ്ലൈന്റ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന്‍, സെക്രട്ടറി എ.വി ബിനീഷ്, ഡയറ്റ് പ്രതിനിധി ഡോ.സുനില്‍ കുമാര്‍, ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് സ്റ്റാഫ് പി.വി ജാഫര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് ഭാരവാഹികള്‍, സാക്ഷരതാ മിഷന്‍ പ്രേരക്മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.