മുഖ്യമന്ത്രിയും മന്ത്രിമാരും പറവൂർ മണ്ഡലത്തിലെത്തുന്ന നവകേരള സദസിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ തുടങ്ങി. സദസിൻ്റെ വേദിയായ പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പന്തൽ നിർമ്മാണം ആരംഭിച്ചു. 7000 പേർക്ക് ഇരിക്കാവുന്ന തരത്തിലാണ് പന്തൽ സജ്ജീകരിക്കുന്നത്. പരാതികൾ സ്വീകരിക്കാൻ 20 കൗണ്ടറുകളും തയ്യാറാക്കും.
സദസിൻ്റെ പ്രചാരണം ദ്രുത ഗതിയിൽ നടക്കുകയാണ്. ഫ്ലാഷ് മോബ്, വനിതകൾക്കായി നൈറ്റ് മാരത്തൺ എന്നിവ വരും ദിവസങ്ങളിൽ സംഘടിപ്പിക്കും. പഞ്ചായത്തുകളിലെ വാർഡുതല സംഘാടക സമിതി രൂപീകരണം പൂർത്തിയായി. വീട്ടുമുറ്റ സദസുകൾ നടന്നുകൊണ്ടിരിക്കുകയാണ്.
നവകേരള സദസിനോട് അനുബന്ധിച്ച് വിദ്യാർഥികൾക്കായി സംഘാടക സമിതി സംഘടിപ്പിക്കുന്ന മത്സരങ്ങൾ നടന്നു കൊണ്ടിരിക്കുകയാണ്. എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി തലങ്ങളിലാണ് മത്സരങ്ങൾ. വിജയികൾക്ക് ക്യാഷ് പ്രൈസ് നൽകും.
മുഖ്യമന്ത്രിക്ക് കത്തെഴുതുക, ചിത്ര രചന എന്നിവയാണ് വിദ്യാലയങ്ങളിൽ നടത്തുന്ന മത്സരങ്ങൾ. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാലയ തലത്തിൽ നടത്തിയ രചനകളെ ഉൾപ്പെടുത്തിക്കൊണ്ട് ഓരോ വിദ്യാലയങ്ങളും മാസിക തയ്യാറാക്കും. മികച്ച മാസിക സമർപ്പിക്കുന്ന വിദ്യാലയങ്ങൾക്ക് പ്രത്യേക സമ്മാനം ലഭിക്കും. കൂടാതെ വിദ്യാർത്ഥികളുടെ മികച്ച രചനകളുടെയും ചിത്രങ്ങളുടെയും പ്രദർശനം നവകേരള സദസ്സ് നടക്കുന്ന പറവൂർ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഉണ്ടായിരിക്കും. ഇവ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിക്കും.
ഡിസംബർ ഏഴിന് വൈകീട്ട് 6നാണ് പറവൂർ മണ്ഡലത്തിലെ നവകേരള സദസ് സംഘടിപ്പിക്കുന്നത്. 15000 പേർ നവകേരള സദസിൽ പങ്കാളികളാകും.