മുഖ്യമന്ത്രിയും മന്ത്രിമാരും എത്തുന്ന വൈപ്പിന്‍ മണ്ഡലം നവകേരള സദസിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്നു സംഘാടക സമിതി ചെയര്‍മാന്‍ കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ എട്ടിന് രാവിലെ 11ന് ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്താണ് സദസ്. തീരമണ്ഡലത്തിന്റെ സമസ്ത മേഖലകളിലെയും ജനവിഭാഗങ്ങളുടെ പങ്കാളിത്തം ഇതിനകം ഉറപ്പായിട്ടുണ്ട്. ആവേശകരമായ പ്രതികരണമാണ് എല്ലാ കോണുകളിലും നിന്നു മുന്നൊരുക്കങ്ങളില്‍ ലഭിച്ചതെന്ന് കെ.എന്‍ ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞു.

സര്‍ക്കാര്‍ പരിപാടി എന്ന നിലയ്ക്ക് നടപടിക്രമങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് വിവിധ വകുപ്പ് ഉദ്യോഗസ്ഥ മേധാവികളുടെ മേല്‍നോട്ടത്തില്‍ സംഘാടക സമിതി രൂപീകരണം ഉള്‍പ്പെടെ ക്രമീകരണങ്ങള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കി. റിസപ്ഷന്‍, വോളണ്ടീയര്‍, ഗതാഗതം, സ്റ്റേജ്, ഫിനാന്‍സ്, ശുചിത്വം, പ്രചാരണം, ഭക്ഷണം, കലാസാംസ്‌കാരികം, പ്രോഗ്രാം എന്നിങ്ങനെ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് സംഘാടനം സുഗമമാക്കി. വീട്ടുമുറ്റം, വാര്‍ഡ്, പഞ്ചായത്ത് തുടങ്ങി വിവിധതലങ്ങളിലും വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും സഹകരണത്തിലും യോഗങ്ങള്‍, വിളംബര ജാഥകള്‍, മറ്റുപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

നവകേരള സദസിനോടനുബന്ധിച്ച് വിപുലമായ കലാ സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറും. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളില്‍ നിന്നുള്ള ക്ഷണിതാക്കള്‍ എറണാകുളം ഐ.എം.എ ഹാളില്‍ നടക്കുന്ന പ്രഭാത യോഗത്തില്‍ പങ്കെടുക്കും. നവകേരള സദസിനു മുന്നോടിയായി ഞാറക്കല്‍ ജയ്ഹിന്ദ് മൈതാനത്തെ വേദിയില്‍ മണ്ഡലത്തിലെ പ്രസിദ്ധ വയലിനിസ്റ്റ് ബാലമുരളിയുടെ നേതൃത്വത്തില്‍ ബി ബാന്‍ഡിന്റെ മ്യൂസിക്കല്‍ ഷോ അരങ്ങേറും.

രാവിലെ ഏഴുമുതല്‍ സദസ് വേദിയിലെ കൗണ്ടറുകളില്‍ നിവേദനങ്ങളും വികസന നിര്‍ദ്ദേശങ്ങളും സ്വീകരിക്കും. ഇതിന് 21 കൗണ്ടറുകളിലായി 65 ഉദ്യോഗസ്ഥരെ വിന്യസിക്കും. ഭിന്നശേഷിക്കാര്‍ക്ക് രണ്ടും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും അഞ്ചു വീതവും പ്രത്യേക കൗണ്ടറുകള്‍ ഉണ്ടാകും.

എറണാകുളം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ എംഎല്‍എയ്ക്കു പുറമെ നോഡല്‍ ഓഫീസറും ജനറല്‍ കണ്‍വീനറുമായ ഫിഷറീസ് ജോയിന്റ് ഡയറക്ടര്‍ എസ്. മഹേഷ്, വൈസ് ചെയര്‍മാന്‍ എ.പി പ്രിനില്‍, ഫിഷറീസ് ജൂനിയര്‍ സൂപ്രണ്ട് പി. സന്ദീപ് എന്നിവരും പങ്കെടുത്തു.