ആരോഗ്യസംരക്ഷണത്തിനായി ‘ഹെൽത്തി ഫുഡ് ചലഞ്ച്’ ഏറ്റെടുക്കാൻ സമൂഹം തയാറാകണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു.
സുരക്ഷിതവും ആരോഗ്യകരവും പോഷകനിലവാരമുള്ളതുമായ ഭക്ഷണം എന്ന ആശയം മുൻനിർത്തി സംഘടിപ്പിക്കുന്ന ‘സ്വസ്ത് ഭാരത്’ അഖിലേന്ത്യാ സൈക്ലത്തോണിനോടനുബന്ധിച്ചുള്ള ഉദ്ഘാടനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
ജീവിതശൈലീ രോഗങ്ങളാണ് ഇന്നത്തെ പ്രധാനപ്രശ്‌നം. ജങ്ക് ഫുഡ്, രുചീകരമെന്ന് തോന്നുമെങ്കിലും ആരോഗ്യം തകർക്കുന്ന ഭക്ഷണങ്ങൾ തുടങ്ങിയ മാറ്റിനിർത്താൻ നാം തയാറാകണം. രോഗങ്ങൾക്ക് തുടർച്ചയായി മരുന്ന് കഴിക്കുന്ന രീതിക്കുപകരം രോഗം ഒഴിവാക്കുന്ന ഭക്ഷണത്തിലേക്ക് മാറണം.
ആരോഗ്യകരമായ ഭക്ഷണം ഉറപ്പാക്കാനുള്ള നടപടികളാണ് സർക്കാർ കൈക്കൊള്ളുന്നത്. ആശുപത്രികളിൽ ഇത്തരം ഭക്ഷണം വിതരണം ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. കുടുംബാരോഗ്യകേന്ദ്രങ്ങളിൽ കുടുംബഡോക്ടർമാർക്ക് രോഗികൾക്ക് പകർന്നുനൽകാനായി ഡയറ്റ് സംബന്ധിച്ച പരിശീലനം കൂടി നൽകും. പതിയെ പതിയെ ഇത് സമൂഹത്തിന് ഗുണപരമാകും.
‘സുരക്ഷിത ആഹാരം, ആരോഗ്യത്തിനാധാരം’ എന്ന മുദ്രാവാക്യവുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് നിരവധി പദ്ധതികൾ ആവിഷ്‌കരിച്ചുനടപ്പാക്കുന്നുണ്ട്. നിരവധി പഞ്ചായത്തുകൾ ഭക്ഷ്യസുരക്ഷാ പഞ്ചായത്തുകളായി പ്രഖ്യാപിച്ചു. കൊല്ലം ജില്ലയെ സമ്പൂർണ ഭക്ഷ്യസുരക്ഷാ ജില്ലയായി പ്രഖ്യാപിച്ചുകഴിഞ്ഞു.

മീനുകളിലെ വിഷാംശം പരിശോധിക്കുന്ന ഓപ്പറേഷൻ സാഗർറാണി ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കി. മൂന്ന് ഭക്ഷ്യ സുരക്ഷാ മൊബൈൽ ലാബുകൾ ആരംഭിച്ചു. ആധുനിക സാങ്കേതിക സൗകര്യങ്ങളുമായി വേഗത്തിൽ പരിശോധനാഫലം ലഭ്യമാകുന്ന ലാബ് കൂടി ഉടൻ നിർമാണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ കമ്മീഷണർ കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. ഫുഡ് സേഫ്റ്റി ആൻറ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ സതേൺ റീജിയൺ ഡയറക്ടർ പി. മുത്തുമാരൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ആർ.എൽ. സരിത, ഐ.എം.എ പ്രതിനിധി ശ്രീജിത്ത് എൻ. കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.സി. സാബു സ്വാഗതവും ജോയൻറ് ഭക്ഷ്യസുരക്ഷാ കമ്മീഷണർ എ.കെ. മിനി നന്ദിയും പറഞ്ഞു.
സൈക്ലത്തോണിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യമന്ത്രി ഒക്‌ടോബർ 17 രാവിലെ 6.30ന് കിഴക്കേക്കോട്ട ഗാന്ധി പാർക്കിൽ നിർവഹിക്കും. സൈക്ലത്തോണിനോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളിലെ മായം പരിശോധിക്കുന്ന മൊബൈൽ ടെസ്റ്റിംഗ് ലാബിന്റെ സേവനവുമുണ്ടാകും.