സംസ്ഥാനത്തെ കാലികളുടെ സമഗ്ര വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്ന റേഡിയോ ഫ്രീക്വന്‍സി തിരിച്ചറിയല്‍ പദ്ധതിക്ക് രൂപംനല്‍കിയതായി മന്ത്രി ജെ. ചിഞ്ചുറാണി. ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പു പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

പ്രളയത്തിലും മറ്റും നഷ്ടപ്പെട്ടുപോകുന്ന കാലികളെ തിരിച്ചറിയാന്‍ പ്രയാസമുണ്ടാവില്ല. കാലികളുടെ പ്രജന ചരിത്രം, ആരോഗ്യ നിലവാരം തീറ്റ, ലഭ്യമായ പാലളവ്, കര്‍ഷകനെ സംബന്ധിച്ച വിവരങ്ങള്‍ എന്നിവയെല്ലാം കൃത്യമായി അറിയാന്‍ ഐഡന്റിഫിക്കേഷന്‍ പദ്ധതിയിലൂടെ സാധിക്കും. പാലുത്പാദനത്തില്‍ വലിയ കുതിച്ചുചാട്ടം നടത്താന്‍ ഇത്തരം വിവരങ്ങള്‍ ഉപകാരപ്രദമാകും. മൃഗസംരക്ഷണ മേഖലയില്‍ ഭാവനാപൂര്‍ണമായ പദ്ധതികള്‍ ആവിഷ്‌കരിക്കുവാന്‍ ഇത് ഉപകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഗോപന്‍ അധ്യക്ഷനായി. ക്ഷീരസംഘങ്ങള്‍ വഴി കര്‍ഷകര്‍ക്ക് മരുന്നും മറ്റുചികിത്സാ സേവനങ്ങളും നല്‍കുന്ന ക്യാമ്പുകള്‍ ജില്ലയില്‍ കൂടുതലായി വ്യാപിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുളമ്പുരോഗ പ്രതിരോധ കുത്തിവപ്പ് ക്യാമ്പയിന്റെ വാക്സിന്‍ ബോക്സ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കൈമാറി. ജന്തുരോഗ നിയന്ത്രണ പദ്ധതി സംസ്ഥാന കോ ഓഡിനേറ്റര്‍ ഡോ. എസ് സിന്ധു മൃഗസംരക്ഷണ പരിശീലന കേന്ദ്രം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ പി എസ് ശ്രീകുമാര്‍, ജില്ലാ മൃഗാശുപത്രി മേധാവി ഡോ ഡി ഷൈന്‍കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. എ എല്‍ അജിത, ഡോ. ആര്‍ ഗീത റാണി എന്നിവര്‍ സംസാരിച്ചു.