* വർക്കലയിൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫിസ് ഉദ്ഘാടനം ചെയ്തു
കേരളം കണ്ട ഏറ്റവും വലിയ പ്രളയത്തിനു ശേഷം സംസ്ഥാനത്ത് ഭക്ഷ്യ സാധനങ്ങൾക്ക് ഒരു വിധത്തിലുമുള്ള വിലക്കയറ്റമുണ്ടാകാതെ നിയന്ത്രിക്കാൻ കഴിഞ്ഞത് സർക്കാരിന്റെ വലിയ നേട്ടമാണെന്ന് ഭക്ഷ്യ – പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. പൊതുവിതരണ കേന്ദ്രങ്ങളിൽനിന്ന് അർഹമായ സാധനങ്ങൾ കൃത്യമായ അളവിലും തൂക്കത്തിലും ലഭിക്കുന്നതിന് നൂതന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.  വർക്കലയിൽ ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
വിലക്കുറവിന്റെ കാലം പ്രളയശേഷവും കേരളത്തിൽ തുടരുകയാണെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പൊതുവിതരണ രംഗത്തും വിപണിയിലും സർക്കാരിന്റെ ശക്തമായ ഇടപെടലുകളാണ് വിലക്കയറ്റത്തിനു തടയിട്ടത്.
റേഷൻ കടകൾവഴി അർഹമായ എല്ലാ ഉത്പന്നങ്ങളും ജനങ്ങളിലെത്തുന്നുവെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നവീന പദ്ധതികൾ ഓരോന്നായി നടപ്പാക്കുകയാണ്. പൊതുവിതരണ കേന്ദ്രങ്ങളിൽ ഇ-പോസ് മെഷീനുകളും അളവു തൂക്ക മെഷീനും തമ്മിൽ ബന്ധിപ്പിക്കാൻ തീരുമാനിച്ചുകഴിഞ്ഞു. ഇതു വരുന്നതോടെ ഗുണഭോക്താവിന് കൃത്യമായ അളവിൽ സാധനങ്ങൾ നൽകിയാലേ ബില്ല് നൽകാനാവൂ. അളവിലും തൂക്കത്തിലും യാതൊരു തരത്തിലുമുള്ള കൃത്രിമത്വവും നടത്തുന്നില്ല എന്ന് ഇതിലൂടെ ഉറപ്പുവരുത്താനാകുമെന്നും മന്ത്രി പറഞ്ഞു.
ലീഗൽ മെട്രോളജി ഓഫിസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. അഡ്വ. ബി. സത്യൻ എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിന്ദു ഹരിദാസ്, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി അംഗം വി. രഞ്ജിത്ത്, താലൂക്കിലെ വിവിധ തദ്ദേശ സ്ഥാപനങ്ങ മേധാവികൾ, ലീഗൽ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.