മല്ലപ്പള്ളി-പുല്ലാട് റോഡിലെ പഴയപൈപ്പുകള്‍ മാറ്റി പുതിയതു സ്ഥാപിക്കുന്നതിന് ഏഴു കോടി രൂപാ അനുവദിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് പറഞ്ഞു. കോട്ടയം- കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ നിര്‍മാണോത്ഘാടനം വെണ്ണിക്കുളം ജംഗ്ഷനില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. മല്ലപ്പള്ളി-പടുതോട് വരെയും പടുതോട് – പുല്ലാട് വരെയും രണ്ട് ടെന്‍ഡറുകള്‍ ഇതിനായി വിളിക്കും. ജില്ലയിലെ തൊണ്ണൂറ് ശതമാനത്തോളം റോഡുകളുടെയും നവീകരണ പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ നടപടിയെടുത്തു കഴിഞ്ഞു. കുന്നന്താനം മല്ലപ്പള്ളി റോഡിനായി 22 കോടി രൂപ, തിരുവല്ല – മല്ലപ്പള്ളി- ചേലക്കൊമ്പ് റോഡിന് 83 കോടി രൂപ, മനക്കച്ചിറ – കുറ്റൂര്‍ റോഡിന് 32 കോടി രൂപാ എന്നിവ അനുവദിച്ചു കഴിഞ്ഞു. മറ്റു പല റോഡുകളുടേയും പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു.  കോട്ടയം – കോഴഞ്ചേരി സംസ്ഥാന പാതയുടെ ഭാഗമായ മല്ലപ്പള്ളി-പുല്ലാട് റോഡ് 2017-18 സി.ആര്‍ .എഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1O .167 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മാണം നടത്തുന്നത്. 13 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് മല്ലപ്പള്ളി-പുല്ലാട് റോഡിനുള്ളത്.
ആന്റോ ആന്റണി  എം.പി അധ്യക്ഷത വഹിച്ച ചടങ്ങില്‍  മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍,  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ നിര്‍മ്മലാ മാത്യൂസ്, ശോശാമ്മ തോമസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ റെനി സനല്‍, റെജി ശാമുവേല്‍, മോന്‍സി കിഴക്കേടത്ത്, ജില്ലാ പഞ്ചായത്തംഗങ്ങളായ എസ്.വി.സുബിന്‍, റെജി തോമസ്,  ദേശീയപാതാ വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ എസ് സജീവ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എ.സിനി, തദ്ദേശ സ്വയംഭരണ ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.