സംസ്ഥാനത്തെ ഭിന്നശേഷിക്കാരുടെ ആവശ്യങ്ങൾ മുഴുവൻ പരിഹരിക്കാൻ പര്യാപ്തമായ പദ്ധതികൾ നടപ്പാക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിശദമായ പഠനങ്ങൾ നടത്തി കൂടുതൽ പദ്ധതികൾ ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ പദ്ധതിയിൽ ഭിന്നശേഷിക്കാരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ചലനപരിമിതി നേരിടുന്നവർക്കുള്ള മുച്ചക്രവാഹന വിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കൈമാറലും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ചലന പരിമിതി നേരിടുന്നവർക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിന് ആരംഭിച്ച ശുഭയാത്ര പദ്ധതിയിൽ കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ സിഎസ്ആർ ഫണ്ട്, പട്ടികജാതിക്കാരായ ഭിന്നശേഷിക്കാർക്കുള്ള പട്ടികജാതി വികസന വകുപ്പിന്റെ ഫണ്ട്, കോർപ്പറേഷന്റെ പദ്ധതി വിഹിതം എന്നിവ ഉപയോഗിച്ച് 63 പേർക്ക് മുച്ചക്ര വാഹനവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികളുടെ പേരിൽ 20,000 രൂപ വീതം സ്ഥര നിക്ഷേപം  നടത്തുന്ന ഹസ്തദാനം പദ്ധതിയിൽ തിരുവനന്തപുരം കോർപ്പറേഷനിൽ നിന്നുള്ള 29 പേർക്ക് സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റും കോർപ്പറേഷന്റെ മറ്റു  ക്ഷേമ പദ്ധതികളിലെ ഗുണഭോക്താക്കൾക്കുള്ള ആനുകൂല്യങ്ങളും വിതരണം ചെയ്യുന്ന ചടങ്ങാണ് മന്ത്രി ഉദ്ഘാടനം ചെയ്തത്.
ജനിച്ച ഉടനെ ശാരീരിക വൈകല്യം കണ്ടെത്താൻ സഹായിക്കുന്ന അനുയാത്ര പദ്ധതി, ശ്രവണവൈകല്യമുള്ള കുട്ടികൾക്കു വേണ്ടി കാതോരം, ധ്വനി പദ്ധതികൾ എന്നിവ ഈ സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ്. മുൻ സർക്കാർ ആരംഭിച്ച ശ്രുതിതരംഗം പദ്ധതി ഇപ്പോഴും തുടരുന്നു. ഐക്യരാഷ്ട്രസഭയുടെ പ്രശംസ പിടിച്ചുപറ്റിയ കൈവല്യ പദ്ധതിയിലൂടെ ധാരാളം പേർക്ക് തൊഴിൽ പരിശീലനം നൽകാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭിന്നശേഷിക്കാർക്ക് കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ 16 കോടി രൂപ ഈ സർക്കാർ വായ്പ നൽകി. കാഴ്ച പദ്ധതിയിലൂടെ നൂറുപേർക്ക് ലാപ്‌ടോപ് വിതരണം ചെയ്തുവെന്നും ആയിരം പേർക്ക് സ്മാർട്ട്‌ഫോണുകൾ വിതരണം ചെയ്യുമെന്നും  കോർപറേഷന്റെ കീഴിൽ ഉപകരണ നിർമാണ യൂണിറ്റ് സ്ഥാപിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നതായും മന്ത്രി പറഞ്ഞു.
തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ, നഗരസഭാ കൗൺസിലർ ബിനു ഐ.പി, മാനേജിംഗ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി, കേരള സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ എംഡി സ്പർജൻ കുമാർ, സാമൂഹ്യ നീതി വകുപ്പ് അസി. ഡയറക്ടർ ജലജ എസ്, നിഷ് ഡയറക്ടർ ഡോ. കെ.ജി. സതീഷ്‌കുമാർ, ജില്ലാ പട്ടികജാതി വികസന ഓഫീസർ അബ്ദുള്ള്കുഞ്ഞ് എം. തുടങ്ങിയവർ സംബന്ധിച്ചു.