നവോത്ഥാനകാലം മുതൽ അസമത്വത്തിനും അവഗണനകൾക്കുമെതിരെ ശക്തമായ ഇടപെടലുകൾ നടത്തുന്ന സംസ്ഥാനമാണ് കേരളമെന്ന് എക്‌സൈസ്, തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പും സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന ചലനപരിമിതി നേരിടുന്നവർക്കുള്ള മുച്ചക്രവാഹനവിതരണവും തീവ്ര ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള സ്ഥിര നിക്ഷേപ സർട്ടിഫിക്കറ്റ് കൈമാറലും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും വിവരിക്കാനാവാത്ത സന്തോഷവും ആത്മവിശ്വാസവുമാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളിലൂടെ ലഭ്യമാകുന്നത്. അവഗണിക്കപ്പെടുന്നവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവർക്ക് തണലും ആത്മവിശ്വാസവും പകരാനും സഹായകമായ മാതൃകാപരമായ ഒട്ടേറെ പദ്ധതികളാണ് വികലാംഗ ക്ഷേമ കോർപ്പറേഷൻ നടപ്പാക്കുന്നത്. എക്‌സൈസ് വകുപ്പിന്റെ സിഎസ്ആർ ഫണ്ടിൽ നിന്ന് ഒന്നരക്കോടി രൂപ സാമൂഹ്യനീതി വകുപ്പിന്റെ വിവിധ പദ്ധതികൾക്കായി വിനിയോഗിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാരായവർക്കു തൊഴിൽ പരിശീലനം നൽകുന്നതിന് തൊഴിൽ വകുപ്പ് നൽകുന്ന പദ്ധതികളുടെ പ്രയോജനം എല്ലാവരിലുമെത്തിക്കാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.