വയനാട് ജില്ലയില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച സുഗന്ധഗിരിയില്‍ കശുമാവ് കൃഷി നടപ്പാക്കും. കശുവണ്ടി വികസന കോര്‍പറേഷനുമായി സഹകരിച്ചാണ് പദ്ധതി തയാറാക്കുന്നത്. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ കല്‍പ്പറ്റ മണ്ഡലത്തില്‍ നടപ്പാക്കുന്ന പച്ചപ്പ് പദ്ധതിയുടെ ഭാഗമായാണിത്. 50 സെന്റില്‍ കൂടുതല്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുവാന്‍ താല്‍പര്യമുള്ളവര്‍ക്ക് തൈ സൗജന്യമായി നല്‍കും. ഖാദി ബോര്‍ഡുമായി സഹകരിച്ച് നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ തറികള്‍ സ്ഥാപിക്കും. കോഴി കര്‍ഷകരുടെ മുട്ട ശേഖരിക്കുന്നതിന് സഹകരണ സംഘം രൂപീകരിക്കുമെന്നും എം.എല്‍.എ അറിയിച്ചു. ചെരുപ്പ് നിര്‍മ്മാണത്തില്‍ പരിശീലനം നല്‍കുന്നതിനും പച്ചപ്പിന്റെ ഭാഗമായി പദ്ധതി ഒരുക്കുന്നുണ്ട്. പുഴയോര സംരക്ഷണത്തിനും വിദ്യാഭ്യാസ കാമ്പസുകളില്‍ വര്‍ദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും ബോധവത്ക്കരണം ശക്തമാക്കും. പച്ചപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിന് നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തിലും കണ്‍വീനര്‍മാരെ നിയോഗിച്ചു. പച്ചപ്പിന്റെ സംഘടന സംവിധാനങ്ങളായ വീട്ടുകൂട്ടം, നാട്ടുകൂട്ടം, വാര്‍ഡ് സഭ, പഞ്ചായത്ത് സഭ എന്നിവ രൂപീകരിച്ച് നവംബര്‍ 19-ന് കല്‍പ്പറ്റയില്‍ സമ്പൂര്‍ണ യോഗം ചേരും.
