ദേശീയ ഭക്ഷ്യസുരക്ഷാ സ്റ്റാന്റേർഡ് അതോറിറ്റിയുടെ നേതൃത്വത്തിലും കേരള സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഏകോപനത്തിലും ‘ഭക്ഷ്യ സുരക്ഷയ്ക്കൊപ്പം ആരോഗ്യം’ എന്ന ആശയം മുൻനിർത്തി സംഘടിപ്പിച്ച സ്വസ്ത് ഭാരത് അഖിലേന്ത്യ സൈക്ലത്തോൺ ഗാന്ധി പാർക്കിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഫ്ളാഗ്ഓഫ് ചെയ്തു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ബാറ്റൺ ഏറ്റുവാങ്ങിയതോടെ സൈക്കിൾ റാലിക്ക് തുടക്കമായി.

നമ്മുടെ ജീവിതശൈലിയിലും ആഹാരശീലത്തിലും വരുത്തിയ മാറ്റം കാരണം ജീവിതശൈലീ രോഗങ്ങൾ വലിയ ആരോഗ്യ പ്രശ്നമായി മാറിയിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായുളള അവബോധത്തിന് അഖിലേന്ത്യ സൈക്ലിംഗ് മീറ്റ് ഉപകരിക്കുമെന്നും അഭിപ്രായപ്പെട്ടു.
പാപ്പനംകോട്, നേമം, ബാലരാമപുരം, നെയ്യാറ്റിൻകര, ചെങ്കൽ, പാറശാല വഴി കളിയിക്കാവിള ഗ്രേയ്സ് ടി.ടി.സി.യിലെത്തി തമിഴ്നാട് ഭക്ഷ്യസുരക്ഷാ വകുപ്പിന് സൈക്ലത്തോൺ ബാറ്റൺ കൈമാറി. 7500 സൈക്കിൾ യാത്രക്കാർ 150 ദിവസത്തെ സാഹസിക സൈക്കിൾ യാത്രയാണ് നടത്തുന്നത്. ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത, ഭക്ഷ്യ സുരക്ഷ കമ്മീഷണർ കെ. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.